-->
അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച പുഷ്പവതിക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. കലയുടെ കാതല്‍ സഹാനുഭൂതിയാണെന്നു, മഹത്വം അളക്കേണ്ടത് മറ്റുളളവരോടുളള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കണമെന്നും സിത്താര പറയുന്നു.നിങ്ങള്‍ യോജിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും സിത്താര കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സിത്താര പുഷ്പവതിക്ക് പിന്തുണ അറിയിച്ചത്.
നമ്മള്‍ ഒരിക്കല്‍ ആദരിച്ചിരുന്ന ശബ്ദങ്ങള്‍ ദയയില്ലാതെ സംസാരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്. കലയുടെ കാതലായ സ്വഭാവം അഹംഭാവത്തില്‍ നിന്നില്ല, മറിച്ച് സഹാനുഭൂതിയില്‍ നിന്നാണ് ജനിക്കുന്നത്. പ്രശസ്തി , പുരസ്‌കാരങ്ങള്‍ , പതിറ്റാണ്ടുകളുടെ പാരമ്പര്യം എന്നിവ മാത്രമല്ല , നമുക്ക് മറ്റുളളവരോട് , പ്രത്യേകിച്ച് നമുക്കൊപ്പം നടക്കുന്നവരോടും എത്ര സൗമ്യമായും ശാന്തമായും പെരുമാറാന്‍ കഴിയുന്നു എന്നതും മഹത്വത്തിന്റെ അളവുകോലാണ്.
അവള്‍ ആരാണ് ? എന്ന് ചോദിച്ചുകൊണ്ട് ഒരാളുടെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്നത് വഴി അവരെ ചെറുതാക്കി കാണിക്കുക മാത്രമല്ല, അങ്ങേയറ്റം ക്രൂരമായി പെരുമാറുക കൂടിയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ആത്മാര്‍ഥതയോടെയും ശക്തിയോടെയും നിരവധി ഹൃദയങ്ങളെ സ്പര്‍ശിക്കുകയും മനസ്സുകളെ ഉണര്‍ത്തുകയും ചെയ്ത ശബ്ദത്തിനുടമയായ പുഷ്പവതിയെപ്പോലുളള ഒരാളെ ലക്ഷ്യം വെക്കുമ്പോള്‍ നിങ്ങള്‍ അവരോട് യോജിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കലാകാരി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും അവര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ജനപ്രീതി ആപേക്ഷികമാണ്. എന്നാല്‍ അന്തസ്സ് സാര്‍വത്രികമാണ്. ഒരു കുട്ടി ആണെങ്കിലും ഒരു തുടക്കക്കാരന്‍ ആണെങ്കിലും വിയോജിപ്പിന്റെ ഒറ്റപ്പെട്ട ശബ്ദമാണെങ്കില്‍ പോലും അത് ഉയര്‍ന്ന് കേള്‍ക്കണം. നമ്മുടെ വിയോജിപ്പുകള്‍ ദയ ഇല്ലാത്ത് ആകരുത്. സിത്തര കുറിച്ചു.
സിനിമ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്നു സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും സ്ത്രീകളായതുകൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നുമായിരുന്നു അടൂര്‍ നടത്തിയ പരാമര്‍ശം. ഇതിനെതിരെ ഗായിക പുഷ്പവതി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ പുഷ്പവതി ആരാണെന്നാണ് അടൂര്‍ ചോദിച്ചത്.