-->
പ്രിയപ്പെട്ടവരുടെ മരണം മനസ്സിന് ഏല്‍പ്പിക്കുന്ന വേദനയും ആഘാതവും വലുതാണ്. കരഞ്ഞു തളര്‍ന്നിരിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെയാണ് മരണവീടുകളില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലയില്‍ നിന്നുളള ഒരു മരണാനന്തര ചടങ്ങില്‍ നിന്നുളള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സുഹൃത്തിന്റെ അന്ത്യയാത്രയില്‍ കണ്ണീരോടെ നൃത്തം ചെയ്യുന്ന യുവാവിെന്റ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. അംബലാല്‍ പ്രജാപത് എന്ന ആളാണ് സുഹൃത്ത് സോഹന്‍ലാല്‍ ജെയിനിന്റെ അന്ത്യയാത്രയില്‍ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാനായി നൃത്തം ചെയ്തത്. കാഴ്ചക്കാര്‍ക്ക് അസാധാരണമായി തോന്നിയേക്കാവുന്ന കാര്യമാണെങ്കിലും യഥാര്‍ത്ഥത്തില്‍ തന്റെ സുഹൃത്തിന് നല്‍കിയ വാക്ക് പാലിക്കുക ആയിരുന്നു അംബലാല്‍.
ക്യാന്‍സറിനോട് പോരാടിക്കൊണ്ടിരിക്കെ 2021 ജനുവരിയില്‍ സോഹന്‍ലാല്‍ അംബലാലിന് ഒരു കത്തെഴുതി. കത്തില്‍ താന്‍ മരിക്കുമ്പോള്‍ കരച്ചിലും നിശബ്ദതയും വേണ്ട, സന്തോഷം മതിയെന്നാണ് സോഹന്‍ലാല്‍ കുറിച്ചത്. എന്റെ ശവസംസ്‌കാര ചടങ്ങില്‍ പാട്ടുപാടിയും നൃത്തം ചെയ്തും സന്തോഷത്തോടെ എന്നെ യാത്രയാക്കണമെന്നും സോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സോഹന്‍ലാല്‍ തന്നെ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട കത്ത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. അംബലാലും ശങ്കര്‍ലാലും എന്റെ ശവപ്പെട്ടിക്ക് മുന്നില്‍ ഒരുമിച്ച് നൃത്തം ചെയ്യണമെന്നും ഞാന്‍ അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ദയവായി എന്നോട് ക്ഷമിക്കൂ എന്നും സോഹന്‍ലാല്‍ കത്തില്‍ എഴുതിയിട്ടുണ്ട്.
ചില വാഗ്ദാനങ്ങള്‍ പവിത്രമാണെന്നും മരണശേഷവും അവ ബഹുമാനിക്കപ്പെടുമെന്നും ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.