Thursday, March 12, 2026 Last Updated 31 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 02.42 PM

ആദ്യം സ്ത്രീയുടെ വസ്ത്രങ്ങളും ബാഗും തിരിച്ചറിയല്‍ രേഖകളും കിട്ടി ; ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ ആറാം പോയിന്റില്‍ കുഴിച്ചപ്പോള്‍ അസ്ഥി ; ധര്‍മ്മസ്ഥലയില്‍ വഴിത്തിരിവ്

uploads/news/2025/07/793923/dharmasthala.jpg

ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച തെരച്ചിലില്‍ മൂന്നാമത്തെ ദിവസം അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസവും നടന്ന തെരച്ചിലിന് പിന്നാലെ ഇന്ന് ആറാം പോയിന്റില്‍ നടന്ന തെരച്ചിലിലാണ് മൃതദേഹാവശിഷ്ടം ലഭിച്ചത്. സാക്ഷി ചൂണ്ടിക്കാട്ടിയ ആറാമത്തെ ഇടത്ത് നിന്നുമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തയത്. കിട്ടിയ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

മുന്‍ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ എസ്‌ഐടി കുഴിയെടുക്കാന്‍ തുടങ്ങിയ ജൂലൈ 29 ന് ശേഷമുള്ള ആദ്യത്തെ വലിയ മുന്നേറ്റമാണിത്. ജൂലായ് 31 വ്യാഴാഴ്ച നേത്രാവതി നദിക്കടുത്തുള്ള സ്പോട്ട് 6-ല്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1995 നും 2014 നും ഇടയില്‍ താന്‍ നിരവധി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ നടത്തിയയാള്‍ ചൂണ്ടിക്കാട്ടിയ 13 സ്പോട്ടുകളാണ് പരിശോധന നടത്തുന്നത്. അഞ്ചിടങ്ങളില്‍ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതോടെ ഇന്ന് ആറാമത്തെ സ്പോട്ടില്‍ പരിശോധന ആരംഭിച്ചപ്പോഴാണ് കഥ മാറിയത്. കിട്ടിയത് മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനാണ് നീക്കം. ഇവിടെ നേരത്തേ നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വിശദമായ പരിശോധനയാണ് ഇന്ന് നടക്കുന്നത്.

പരാതിക്കാരന്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഭൂരിഭാഗവും നേത്രാവതി നദിയുടെ തീരത്തോട് ചേര്‍ന്നാണ്. നദീതീരത്തുള്ള ആദ്യ സ്ഥലത്ത് എസ്‌ഐടി ആറടിയോളം ആഴത്തില്‍ കുഴിച്ചിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും സ്ഥലങ്ങള്‍ പരസ്പരം അടുത്താണ് സ്ഥിതി ചെയ്യുന്നത്, ജൂലൈ 30 ന് ഈ സ്ഥലങ്ങളില്‍ നടത്തിയ ഖനനത്തില്‍ മൂന്ന് മുതല്‍ നാല് അടി വരെ ആഴം മാത്രമേയുള്ളൂവെന്ന് പറയപ്പെടുന്നു. അഞ്ചാമത്തെ പോയിന്റ് മുതല്‍ 12 പോയിന്റ് വരെ കുഴിച്ചാണ് ഇന്നത്തെ പരിശോധന നടക്കുന്നത്.

കാണാതായ കേസുകളുള്‍പ്പെടെ പരാതി അറിയിക്കാനായി മംഗുളുരു കദിരിയില്‍ പ്രത്യേക അന്വേഷണ സംഘം ഹെല്‍പ്പ്ഡെസ്‌ക് തുറന്നിട്ടുണ്ട്. തിരച്ചിലിന്റെ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ എസ്ഐടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളി 20 വര്‍ഷത്തിലേറെയായി, നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മേലുദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ഉത്തരവിട്ടിരുന്നു എന്നും അവരില്‍ പലരും ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളും പെണ്‍കുട്ടികളു ആണെന്നുമായിരുന്നു വെളിപ്പെടുത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW