-->
മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരപത്നിമാരില്‍ ഒരാളാണ് സുപ്രിയ മേനോന്‍. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയാകും മുമ്പ് ദേശീയ മാധ്യമത്തില്‍ ഏറെ തിരക്കുള്ള ഒരു മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ. പിന്നീട് പൃഥ്വിയുടെ ഭാര്യയായ ശേഷം ആ പദവിയ്ക്കപ്പുറം തന്റേതായ ഒരു ഐഡന്റിറ്റി മലയാള സിനിമാമേഖലയില്‍ സൃഷ്ടിക്കാന്‍ സുപ്രിയയ്ക്ക് കഴിഞ്ഞു. വിവാഹ ശേഷം മുംബെെയില്‍ നിന്നും കേരളത്തിലേക്ക് ജീവിതം പറിച്ച് നട്ട സുപ്രിയ മകള്‍ അലംകൃത എന്ന അല്ലി ജനിച്ച ശേഷമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നേതൃത്വം സുപ്രിയ ഏറ്റെടുത്തത്.
വളരെ പെട്ടെന്ന് പ്രൊഡക്ഷൻ മേഖലയിലെ പ്രബല സാന്നിധ്യങ്ങളിലൊന്നായി മാറിയ സുപ്രിയയുടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാളത്തില്‍ മാത്രമല്ല ഒട്ടുമിക്ക ഭാഷകളിലും സ്വതന്ത്ര നിര്‍മ്മാണവും സഹനിര്‍മ്മാണവും ചെയ്യുന്നുണ്ട്. എല്ലാത്തിനും പിന്തുണയും കരുത്തുമായി നിന്നത് പൃഥ്വിയാണെന്ന് താരപത്നി മിക്ക വേദികളിലും പങ്കുവച്ചിട്ടുമുണ്ട്.
പൃഥ്വിരാജിനേക്കാളേറെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ളതും സുപ്രിയയാണ്. തന്റെ ഭര്‍ത്താവിന്റെ കരിയറിലെ എല്ലാ ഉയര്‍ച്ചകളും സന്തോഷങ്ങളും ഏറെ അഭിമാനത്തോടെയാണ് സുപ്രിയ പങ്കുവയ്ക്കാറുള്ളത്.
ഇപ്പോഴിതാ പൃഥ്വിയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘സര്‍സമീനി’ന്റെ ലൊക്കേഷന്‍ ചിത്രം പങ്കിടുകയാണ് സുപ്രിയ. തന്റെ അച്ഛന്റെ പേരും സിനിമയിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേരും തമ്മിലുള്ള സാമ്യമാണ് സുപ്രിയ പങ്കുവയ്ക്കുന്നത്. തന്റെ അച്ഛന്റെ പേരിൽ ഭർത്താവ് ഒരു കഥാപാത്രമായി എത്തിയത് ഏറെ സന്തോഷം നൽകുന്നുവെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ‘‘വിജയ് മേനോൻ... ഇത് എന്റെ അച്ഛന്റെ യഥാർത്ഥ പേരാണ്. സർസമീനില്‍ പൃഥ്വി ആ പേരില്‍ അഭിനയിച്ചു എന്നത് യാദൃച്ഛികതയാണ്, ഏറെ സ്പെഷ്യലുമാണ്...’’ എന്നാണ് പൃഥ്വി പട്ടാള വേഷത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന്റെ കൂടെ സുപ്രിയ കുറിച്ചത്. ആർമി ഓഫിസറായി അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ഷർട്ടിലെ നെയിം പ്ലേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിയയുടെ കുറിപ്പ്. തന്നെ വിട്ടുപിരിഞ്ഞ അച്ഛന്റെ പേരിൽ പൃഥ്വിരാജ് ഒരു സിനിമയിലെത്തിയത് സുപ്രിയയ്ക്കും വികാരഭരിതമായ നിമിഷമാണെന്ന് സുപ്രിയയുടെ പോസ്റ്റിലൂടെ മനസ്സിലാകും.
പൃഥ്വിരാജ് സുകുമാരനും കാജോളും നായികാനായകന്മാരായി എത്തിയ ഹിന്ദി ആക്‌ഷൻ ത്രില്ലർ ചിത്രമാണ് ‘സർസമീൻ’. ഇതില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നത് സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രം നിരൂപകപ്രശംസയും പ്രേക്ഷകഹൃദയവും കീഴടക്കുന്നുണ്ട്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് കയോസ് ഇറാനി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് മേനോൻ എന്നാണ്.
സുപ്രിയ മേനോന്റെ അച്ഛന്റെ പേര് മണമ്പ്രക്കാട്ട് വിജയകുമാർ മേനോൻ എന്നായിരുന്നു. ഏകമകളായതിനാൽ സുപ്രിയയ്ക്ക് അച്ഛനുമായി അത്രയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. 71-ാം വയസ്സിൽ കാൻസർ ബാധിതനായി അച്ഛന്‍ മരിച്ചത് ഒരു തീരാനൊമ്പരമായി ഇന്നും സുപ്രിയ കുറിക്കാറുണ്ട്. തന്റെ വിജയങ്ങളില്‍ തന്നെക്കാളേറെ സന്തോഷിക്കുന്നതും തന്റെ വിജയത്തില്‍ സദസ്സിന്റെ ഏറ്റവും മുന്നിലിരുന്ന് വിസ്സിലടിക്കുന്നതും അച്ഛനായിരുന്നേനേ എന്ന് സുപ്രിയ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
നോ ബഡി ആണ് സുപ്രിയ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം ഇ4 എക്സ്പരിമെന്റ്സും നിർമാണത്തില്‍ പങ്കാളിയാണ്. പൃഥ്വിരാജും പാർവതി തിരുവോത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.