-->
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കു മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം ലഞ്ചിനു പിരിയുമ്പോൾ 29 ഓവറിൽ വിക്കറ്റു പോകാതെ 94 റൺസെന്ന നിലയിലാണ്. യശസ്വി ജയ്സ്വാളും (74 പന്തിൽ 36), കെ.എൽ. രാഹുലുമാണ് (82 പന്തിൽ 40) ക്രീസിലുള്ളത്.
ഇംഗ്ലണ്ടിൽ 1000 ടെസ്റ്റ് റൺസ് എന്ന നേട്ടത്തിലേക്ക് മാഞ്ചസ്റ്ററിലെ ആദ്യ ദിനം രാഹുൽ എത്തി.ഓപ്പണിങ് വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുല്‍ പടുത്തുയര്‍ത്തിയത്. ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാര്‍സ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ക്കെതിരേ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ രാഹുല്‍ - ജയ്സ്വാള്‍ സഖ്യത്തിനായിരുന്നു.
ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ടോസ്. ടോസ് വിജയിച്ച ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. തുടർച്ചയായ നാലാം ടെസ്റ്റിലും ക്യാപ്റ്റൻ ഗില്ലിനു ടോസ് നേടാനുള്ള ഭാഗ്യം ലഭിച്ചില്ല. ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദുല്‍ താക്കൂറും ആകാശ്ദീപിന് പകരം അന്‍ഷുല്‍ കാംബോജും ടീമിലെത്തി.
മാഞ്ചെസ്റ്ററില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ടീമിലുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. അമിത ജോലിഭാരം കാരണം കഷ്ടപ്പെടുന്ന ജസ്പ്രീത് ബുംറയ്ക്ക് നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ആകാശിനും അര്‍ഷപിനും പരിക്കേറ്റതോടെ താരത്തെ കളിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ സ്പിന്നർ ശുഐബ് ബഷീറിനു പകരം ലിയാം ഡോസൺ പ്ലേയിങ് ഇലവനിലുണ്ട്. ഇംഗ്ലണ്ട് ടീമിൽ മറ്റു മാറ്റങ്ങളില്ല..
9 ടെസ്റ്റുകളാണ് ടീം ഇന്ത്യ ഓൾഡ് ട്രാഫഡിൽ കളിച്ചത്. ഇതിൽ നാലെണ്ണം തോറ്റപ്പോൾ അഞ്ചെണ്ണം സമനിലയായി. ബാലികേറാമലയായി നിൽക്കുന്ന ഗ്രൗണ്ടിലേക്കാണ് പരമ്പരയിലെ നിർണായക മത്സരത്തിനായി ശുഭ്മൻ ഗില്ലും സംഘവും വരുന്നത്. മറുവശത്ത് 5 മത്സര പരമ്പരയിൽ 2–1നു മുന്നിൽ നിൽക്കുന്ന ആതിഥേയർക്കു പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഓൾഡ് ട്രാഫഡിൽ കാത്തിരിക്കുന്നത്.