-->
ഇസ്ലാമാബാദ്: പാകിസ്‌താന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 2007 മുതല്‍ 2023 വരെയാണു സര്‍ഫ്രാസ് പാകിസ്‌താനു വേണ്ടി കളിച്ചത്.
ടീമിനെ 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാക്കാന്‍ സര്‍ഫ്രാസിനായി. പാകിസ്‌താന്‍ 2006 അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയതും സര്‍ഫ്രാസിനു നേതൃത്വത്തിലായിരുന്നു. 54 ടെസ്‌റ്റുകളും 117 ഏകദിനങ്ങളും 61 ട്വന്റി20 കളും കളിച്ചു. ഇമ്രാന്‍ ഖാന് ശേഷം ഒരു ഐ.സി.സി. കിരീടം നേടുന്ന ആദ്യ പാക് നായകനാണ്. പാകിസ്‌താനെ 100 മത്സരങ്ങളിലാണു സര്‍ഫ്രാസ് നയിച്ചത് (13 ടെസ്‌റ്റുകള്‍, 50 ഏകദിനങ്ങള്‍, 37 ട്വന്റി20 കള്‍). വിക്കറ്റ് കീപ്പറെന്ന നിലയില്‍ 315 ക്യാച്ചുകളും 56 സ്‌റ്റമ്പിങ്ങുകളും കുറിച്ചു. 2017 ഫെബ്രുവരിയിലാണു പാക് നായകനായത്. താണ റാങ്കില്‍നിന്നു ചാമ്പ്യന്‍സ് ട്രോഫി നേടി സര്‍ഫ്രാസും സംഘവും ഞെട്ടിച്ചു.
ട്വന്റി20 യില്‍ പാകിസ്‌താന് മികച്ച റെക്കോഡുണ്ടാക്കാനും സര്‍ഫ്രാസിനായി. 37 മത്സരങ്ങളില്‍ 27 ലും ടീമിനെ ജയിപ്പിക്കാനായി. 38 വയസുകാരനായ സര്‍ഫ്രാസ് 1987 ല്‍ സിന്ധിലാണു ജനിച്ചത്‌്. 54 ടെസ്‌റ്റുകളിലായി 37.41 ശരാശരിയില്‍ 3031 റണ്ണെടുത്തു. നാല് സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളും കുറിച്ച സര്‍ഫ്രാസ് 160 ക്യാച്ചുകളും 22 സ്‌റ്റമ്പിങുകളും സ്വന്തമാക്കി. 117 ഏകദിനങ്ങളിലായി 33.55 ശരാശരിയില്‍ 2315 റണ്ണെടുത്ത സര്‍ഫ്രാസിന് രണ്ട് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും കുറിക്കാനായി. 119 ക്യാച്ചുകളും 24 സ്‌റ്റമ്പിങ്ങുകളും സര്‍ഫ്രാസിന്റെ പേരിലുണ്ട്. ട്വന്റി20 യില്‍ 27.26 ശരാശരില്‍ 818 റണ്ണെുടുത്ത മുന്‍ നായകന്‍ 36 ക്യാച്ചുകളും 10 സ്‌റ്റമ്പിങുകളും കുറിച്ചു. 2010 ലെ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഹൊബാര്‍ട്ട് ടെസ്‌റ്റിലൂടെ അരങ്ങേറി. 2023 ലെ പെര്‍ത്ത് ടെസ്‌റ്റിലാണ് അവസാനം കളിച്ചത്. 2007 ല്‍ ഇന്ത്യക്കെതിരേ ജയ്‌പുരില്‍ നടന്ന മത്സരത്തിലൂടെ ഏകദിനത്തില്‍ കന്നി മത്സരം കളിച്ചു.