Tuesday, March 17, 2026 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 11.50 PM

ചരിത്രം

uploads/news/2026/03/830412/sp4.jpg

ഷാങ്‌ഹായ്‌: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സര ചരിത്രത്തില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഡ്രൈവറെന്ന ഖ്യാതി മെഴ്‌സിഡസിന്റെ ഇറ്റലിക്കാരന്‍ ആന്ദ്രെ കിമി ആന്റനെല്ലിക്ക്‌.
ഷാങ്‌ഹായ്‌ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ചൈനീസ്‌ ഗ്രാന്‍പ്രീയില്‍ ജേതാവായാണു 19 വയസുകാരനായ ആന്റനെല്ലി ചരിത്രം കുറിച്ചത്‌്. മെഴ്‌സിഡസിന്റെ തന്നെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ജോര്‍ജ്‌ റസലിനെ 5.515 സെക്കന്‍ഡില്‍ പിന്തള്ളിയാണ്‌ ഇറ്റാലിയന്‍ താരം വിലപ്പെട്ട 25 പോയിന്റ്‌ നേടിയത്‌. മുന്‍ ലോക ചാമ്പ്യന്‍ ബ്രിട്ടന്റെ ലൂയിസ്‌ ഹാമില്‍ട്ടണ്‍ മൂന്നാം സ്‌ഥാനത്തെത്തി. ഫെരാരിക്കൊപ്പമായ ശേഷം ആദ്യമായാണ്‌ ഹാമില്‍ട്ടണ്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കുന്നത്‌. ഫെരാരിയുടെ തന്നെ ഫ്രഞ്ചുകാരന്‍ ഡ്രൈവര്‍ ചാള്‍സ്‌ ലെക്ലാര്‍ക്ക്‌ നാലാം സ്‌ഥാനത്തായി. ഹാസിന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ഒലിവര്‍ ബിയര്‍മാന്‍ അഞ്ചാമതും ആല്‍പൈന്റെ ഫ്രഞ്ചുകാരന്‍ ഡ്രൈവര്‍ പിയര്‍ ഗാസ്ലി ആറാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു.
19 വര്‍ഷവും 202 ദിവസവും പ്രായമുള്ളപ്പോഴാണ്‌ ആന്ദ്രെ കിമി ആന്റനെല്ലി ചൈനയില്‍ ജേതാവാകുന്നത്‌. ഹോളണ്ടിന്റെ മാക്‌സ് വെര്‍സ്‌റ്റാപന്‍ 18 വര്‍ഷവും 202 ദിവസവും പ്രായമുള്ളപ്പോള്‍ ജേതാവായി റെക്കോഡിട്ടു. മുന്‍ ലോക ചാമ്പ്യനായ വെര്‍സ്‌റ്റാപന്‍ 2016 ലെ സ്‌പാനിഷ്‌ ഗ്രാന്‍പ്രീയിലാണ്‌ ആദ്യമായി ജേതാവായത്‌. 2008 ലെ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ ജേതാവാകുമ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍ സെബാസ്‌റ്റ്യന്‍ വെട്ടലിന്‌ 21 വര്‍ഷവും 73 ദിവസവുമായിരുന്നു പ്രായം. ചാള്‍സ്‌ ലെക്ലാര്‍ക്ക്‌ 2019 ലെ ബെല്‍ജിയന്‍ ഗ്രാന്‍പ്രീയില്‍ ഒന്നാമനായത്‌ 21 വര്‍ഷവും 320 ദിവസവും പ്രായമുള്ളപ്പോഴാണ്‌. ഫെര്‍ണാണ്ടോ അലോന്‍സോ 2003 ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ ജേതാവായത്‌ 22 വര്‍ഷവും 26 ദിവസവും പ്രായമുള്ളപ്പോഴാണ്‌. പോള്‍ സിറ്ററായി തുടങ്ങിയ ആന്റനെല്ലി ലീഡ്‌ നിലനിര്‍ത്തിയാണു ജേതാവായത്‌. റസലിന്‌ ഹാമില്‍ട്ടണുമായും ലെക്ലാര്‍ക്കുമായും കടുത്ത മത്സരം വേണ്ടി വന്നു. റേസിങ്‌ ട്രാക്കിന്റെ പ്രത്യേകത മൂലം ഫെരാരി ജോഡികള്‍ പലവട്ടം അടുത്തടുത്തു വന്നു. ഭാഗ്യവശാലാണു കൂട്ടിയിടി ഒഴിവായത്‌്. പവര്‍ യൂണിറ്റിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മക്ലാറന്റെ ലാന്‍ഡോ നോറിസിനും ഓസ്‌കാര്‍ പിയാസ്‌ട്രിക്കും സ്‌റ്റാര്‍ട്ട്‌ ചെയ്യാനായില്ല. പിയാസ്‌ട്രിക്ക്‌ ആദ്യ റേസിലും പങ്കെടുക്കാനായില്ല. ഓഡിയുടെ ഗബ്രിയേല്‍ ബോര്‍ടോലെറ്റോ, വില്യംസിന്റെ അലക്‌സ് അല്‍ബോണ്‍ എന്നിവര്‍ക്കും സ്‌റ്റാര്‍ട്ട്‌ ചെയ്യാനായില്ല.
വെര്‍സ്‌റ്റാപനും ഇലക്‌ട്രിക്കല്‍ പ്രശ്‌നങ്ങള്‍ കാരണം 10 ലാപുകള്‍ കഴിഞ്ഞപ്പോള്‍ റേസ്‌ അവസാനിപ്പിക്കേണ്ടി വന്നു. ആസ്‌റ്റണ്‍ മാര്‍ട്ടിന്റെ കാറുകളും റേസ്‌ പൂര്‍ത്തിയാക്കിയില്ല. 15 കാറുകളാണ്‌ ചൈനീസ്‌ ഗ്രാന്‍പ്രീയില്‍ ഫിനിഷ്‌ ചെയ്‌തത്‌. ഷാങ്‌ഹായ്‌ സര്‍ക്യൂട്ട്‌ അട്ടിമറികളുടെ സ്‌ഥിരം വേദിയാണ്‌. റേസിങ്‌ ട്രാക്കില്‍ 16 വളവുകളുണ്ട്‌. റേസ്‌ സ്‌പ്രിന്റ്‌ റേസ്‌ ഫോര്‍മാറ്റിലാണ്‌.

റേസുകള്‍ ഉപേക്ഷിച്ചു

ഷാങ്‌ഹായ്‌: മധ്യേഷയിലെ യുദ്ധസമാന സാഹചര്യത്തില്‍ ബഹ്‌റൈന്‍, സൗദി അറേബ്യന്‍ റേസുകള്‍ ഉപേക്ഷിച്ചതായി ഫോര്‍മുല വണ്‍ പ്രഖ്യാപിച്ചു. ചൈനീസ്‌ ഗ്രാന്‍പ്രീക്കിടെയാണു റേസുകള്‍ ഒഴിവാക്കിയ വിവരം ഫോര്‍മുല വണ്‍ ഔദ്യോഗികമായി പുറത്തുവിട്ടത്‌.
ബഹ്‌റൈന്‍ ഗ്രാന്‍പ്രീ ഏപ്രില്‍ 12 നും സൗദി അറേബ്യന്‍ ഗ്രാന്‍പ്രീ ജിദ്ദയില്‍ ഏപ്രില്‍ 19 നുമായിരുന്നു നടക്കേണ്ടത്‌്. 2022 ല്‍ ഹൂതി വിമതര്‍ സൗദിയിലെ എണ്ണ ശാലയെ ആക്രമിച്ച സമയത്ത്‌ റേസ്‌ നടത്തിയിരുന്നു. ജിദ്ദയിലെ റേസിങ്‌ ട്രാക്കിലേക്ക്‌ കറുത്ത പുകയെത്തിയിരുന്നു. അതേ വര്‍ഷം തന്നെ റഷ്യന്‍ ഗ്രാന്‍പ്രീ ഉപേക്ഷിക്കുകയും ചെയ്‌തു. യുക്രൈന്‍ ആക്രമണമായിരുന്നു ഗ്രാപ്രീ ഉപേക്ഷിക്കാന്‍ കാരണം.

Ads by Google
Sunday 15 Mar 2026 11.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW