-->
15 വർഷം മുൻപ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമയാണ് മലർവാടി ആർട്സ് ക്ലബ്ബ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രാരാബ്ദങ്ങളുടെയും അവരുടെ സ്വപ്നങ്ങളുടെയും കുഞ്ഞ് കുഞ്ഞു ആഗ്രഹങ്ങളുടെയും സാക്ഷാത്കാരത്തിന്റെയും കഥ പറഞ്ഞ സിനിമയാണിത്. അതിനു ശേഷം വിനീത് സിനിമകളോട് ഒരു പ്രത്യേക അടുപ്പം തന്നെയുണ്ട് മലയാളിക്ക്. താരത്തിന്റെ സിനിമകൾക്കായി വലിയ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ പതിവ് രീതികളില്‍നിന്ന് മാറി വിനീത് ശ്രീനിവാസൻ തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കിട്ടിരിക്കുന്നത്. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈകീട്ട് പുറത്തിറക്കുമെന്നാണ് വിനീത് കുറിച്ചത്. "2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വർഷം. ഒരുപാട് നല്ല ഓർമ്മകൾ, മറക്കാനാവാത്ത അനുഭവങ്ങൾ..
സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇന്നു വൈകുന്നേരം റിലീസ് ചെയ്യുകയാണ്..
ഈ സിനിമ, എന്റെ പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണർ ത്രില്ലർ ആണ്. കൂടുതൽ അപ്ഡേറ്റ്സ് പിന്നാലെ.
സ്നേഹപൂർവ്വം,
വിനീത്..." എന്ന ക്യാപ്ഷൻ നൽകിയാണ് വിനീത് പുതിയ ചിത്രത്തിന്റെ വിശേഷം പങ്കിട്ടിരിക്കുന്നത്.
വിനീതിന്റെ ആദ്യസംവിധാനസംരംഭമായ മലർവാടി ആർട്സ് ക്ലബ് 15 വർഷം തികയ്ക്കുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് വിനീത് പുറത്തുവിടുന്നത്.
അർധരാത്രി ഒരുമണിക്കാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് വിനീത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ കമന്റുകളുമായി ആരാധകരെത്തി.
വിനീത് സിനിമകളിലെ ചെന്നൈ ബന്ധം ചൂണ്ടിക്കാട്ടിയാണ് മിക്ക കമന്റും. ഇക്കാര്യം കമന്റ് ചെയ്ത ഒരു ആരാധകന് വിനീത് മറുപടിയും നല്‍കി. 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ', എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ചെന്നൈ ഇല്ല, ഉറപ്പിക്കാം', എന്നായിരുന്നു വിനീതിന്റെ മറുപടി.
ഹൃദയം, വർഷങ്ങള്‍ക്കുശേഷം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യവും ഒന്നിക്കുന്നുവെന്ന വാർത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നോബിള്‍ ബാബുവിനെ നായകനാക്കിയാണ് ചിത്രമെന്നായിരുന്നു വിവരം. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
സംവിധാനത്തിനൊപ്പം വിശാഖുമായി ചേർന്ന് നിർമാണത്തിലും വിനീത് പങ്കാളിയാണ്. മെറിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 'ആനന്ദം', 'ഹെലൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നത്.
പൂജ റിലീസായി സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ ടി. ജോണ്‍ ആണ്. ഷാൻ റഹ്മാനാണ് സംഗീതം.