-->
കട്ടപ്പന: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഇടുക്കിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമെല്ലാം നിരത്തിലിറക്കിയ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തടഞ്ഞു. ബദല്‍ സംവിധാനമായി ഓടി ടാക്‌സിയും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസ് സ്‌റ്റേഷനില്‍ നിന്നും ആശുപത്രിയിലേക്കും മറ്റും രോഗികളെ കൊണ്ടുപോകാന്‍ സൗജന്യസേവനങ്ങള്‍ നടത്തിയവരെയും സമരക്കാര്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്ക് പോകാന്‍ നാലു യാത്രക്കാരുമായി വന്ന കെ.എസ്.ആര്‍.ടി. സി ബസ് കട്ടപ്പനയില്‍ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷ സാഹചര്യമൊരുക്കി. നാലു യാത്രക്കാരുമായി പോയ ബസാണ് തടഞ്ഞ് യാത്ര നിര്‍ത്തിവെപ്പിച്ചത്. തൊടുപുഴയില്‍ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ചില്ല് തകര്‍ന്നു. തിരുവനന്തപുരത്ത് സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാര്‍ ഒഴിവാക്കിയ തൊഴില്‍മന്ത്രികൂടിയായ ശിവന്‍കുട്ടി നടന്നാണ് ജില്ലാക്കമ്മറ്റി ഓഫീസിലേക്ക് പോയത്്.
അടൂരിലും കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ തടഞ്ഞു. പത്തനംതിട്ടയില്‍ ഹെല്‍മറ്റ് വെച്ച് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ വാഹനം ഓടിച്ചെങ്കിലും സമരാനുകൂലികള്‍ ബസ് തടഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിലേക്കും ആര്‍സിസിയിലേക്കുമെല്ലാം പോകാന്‍ എത്തിയവര്‍ക്കായി വിവിധ സംഘടനകളുടെ ആംബുലന്‍സുകള്‍ സൗജന്യയാത്ര നടതതി. എവിടേയ്ക്കാണ് പോകേണ്ടതെന്ന കാര്യം ചോദിച്ച് മനസ്സിലാക്കി പോലീസും യാത്രക്കാരെ സഹായിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ സമരാനുകൂലികളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
നെയ്യാറ്റിന്‍കരയിലും പേരൂര്‍ക്കടയിലുമെല്ലാം ചെറിയ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ജില്ലകളിലും ദേശീയപണിമുടക്ക് പൂര്‍ണ്ണമാണ്. നിരത്തുകളില്‍ വാഹനങ്ങളില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അനങ്ങിയിട്ടില്ല. കോഴിക്കോട്ട് തുറന്ന ഹോട്ടല്‍ സമരാനുകൂലികള്‍ അടപ്പിച്ചിരുന്നു. വയനാട്ടിലേക്കും മലപ്പുറത്തേക്കുമെല്ലാം പോകേണ്ടവര്‍ കുടുങ്ങിപ്പോയി.
കണ്ണൂര്‍ജില്ലിയിലും പണിമുടക്ക് ഏറെക്കുറെ പൂര്‍ണ്ണമാണ്. കെ.എസ്.ആര്‍.ടി.സി. സ്വകാര്യ ബസ് സര്‍വീസുകളില്ല. ബദല്‍ സംവിധാനമായി ഓടിയ ഓട്ടോയും ടാക്‌സികളുമെല്ലാം തടഞ്ഞു. ചരക്കുവാഹനങ്ങളും തടഞ്ഞിരിക്കുകയാണ്. ടാക്‌സി ഉപയോഗിക്കുന്നവരില്‍ നിന്നും എന്തിന് പോകുകയാണെന്ന് കൃത്യമായി മനസ്സിലാക്കിയാണ് വാഹനം കടത്തിവിടുന്നത്. കോഴിക്കോട്ട് യാത്രക്കാരെ കൊണ്ടുപോയ ജീപ്പ് ബസ് സ്റ്റാന്റിന് മുന്നില്‍ വെച്ച് സമരക്കാര്‍ തടഞ്ഞു. മെഡിക്കല്‍ കോളേജിലേക്കും ആശുപത്രികളിലേക്കും പോകുന്ന ആള്‍ക്കാരെ കൊണ്ടുപോകുകയായിരുന്നു.