-->
ബര്‍മിങ്ങാം: നായകന്‍ ശുഭ്മാന്‍ ഗിൽ മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്ക്. തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ഗിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 472 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഗില്ലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിവിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരട്ടസെഞ്ചുറി തികച്ച ഗില്ലും വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ.
ടെസ്റ്റ് കരിയറിലെ 34-ാം മത്സരത്തിലാണ് ഗില്ലിന്റെ ഇരട്ട സെഞ്ച്വറി നേട്ടം. 311 പന്തുകൾ നേരിട്ട് 200 റൺസുമായി ഗിൽ ക്രീസിൽ തുടരുകയാണ്. 21 ഫോറുകളും രണ്ട് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് ഇതിനോടകം പിറന്നുകഴിഞ്ഞു. 2,200ലധികം റൺസ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഏഴ് സെഞ്ച്വറികളും ഏഴ് അർധ സെഞ്ച്വറികളും ഇന്ത്യൻ യുവനായകന്റെ കരിയറിൽ ചേർക്കപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലും ഇംഗ്ലണ്ടിനെതിരെ ഗിൽ സെഞ്ച്വറി നേടിയിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഗിൽ രണ്ടാം മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേട്ടവും സ്വന്തമാക്കി.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലും രവീന്ദ്ര ജഡേജയും ശ്രദ്ധയോടെയാണ് ഇംഗ്ലീഷ് ബൗളര്‍മാരെ നേരിട്ടത്. ഗില്ലും അടിയുറച്ചുനിന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചു. വിക്കറ്റെടുക്കാൻ ഇംഗ്ലീഷ് ബൗളർമാരുടെ ആവുന്നത്രശ്രമിച്ചിട്ടും ജഡേജയും ഗില്ലും വിട്ടുകൊടുത്തില്ല. ഇരുവരും ചേർന്ന് സ്കോർ 400-കടത്തി. പിന്നാലെ അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയാണ് വെള്ളിയാഴ്ച പുറത്തായ ബാറ്റർ. 137 പന്തുകൾ നേരിട്ട ജഡേജ 89 റൺസെടുത്തു പുറത്താകുകയായിരുന്നു. 108–ാം ഓവറിൽ ജോഷ് ടോങ്ങിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്.
ഇന്നലെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 87 റണ്‍സെടുത്തപ്പോള്‍ കരുണ്‍ നായര്‍ 31ഉം റിഷഭ് പന്ത് 25ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. കെ എൽ രാഹുല്‍(2), നിതീഷ് കുമാര്‍ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റെടുത്തു.