-->
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് പരോക്ഷവിമര്‍ശനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തോല്‍വി കുടി ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വര്‍ഗ്ഗീയശക്തികളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയ പ്രസ്താവന തിരിച്ചടിച്ചെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.
നിലമ്പൂര്‍ പരാജയത്തില്‍ വന്ന ചര്‍ച്ചയില്‍ പാര്‍ട്ടിസെക്രട്ടറിയെ പേരെടുത്ത് പറയാതെയായിരുന്നു മിക്കവരും വിമര്‍ശിച്ചത്. എളമരം കരീമും പി. രാജീവുമായിരുന്നു വിമര്‍ശനം ഉയര്‍ത്തിയ പ്രധാനികള്‍. പാര്‍ട്ടിസെക്രട്ടറിയുടെ പരാമര്‍ശം തിരിച്ചടിയായെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്ന വികാരം. മൈക്ക് കണ്ടാല്‍ എന്തും വിളിച്ചുപറയാമെന്ന് കരുതരുതെന്നായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. ഇതേ തുടര്‍ന്ന് സംസാരിച്ച എല്ലാവരും പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. നിലമ്പൂരില്‍ ശക്തമായ വോട്ടുചോര്‍ച്ചയുണ്ടായതായും പറഞ്ഞു.
നിലമ്പൂരില്‍ പാര്‍ട്ടിവോട്ടുകളില്‍ വിള്ളലുണ്ടായതായും പി.വി. അന്‍വറിനെ ഗൗരവത്തില്‍ എടുത്തില്ലെന്നുമുള്ള വിലയിരുത്തലുകളും ഉണ്ടായി. സ്വന്തം നിലയില്‍ എം സ്വരാജിന് 10,000 വോട്ടുകള്‍ കിട്ടിയെങ്കില്‍ പാര്‍ട്ടിവോട്ടുകളില്‍ ചോര്‍ച്ച വന്നതായും വിലയിരുത്തി. നിലമ്പൂരില്‍ 70,000 പാര്‍ട്ടിവോട്ടുകള്‍ ഉണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് പോള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്തല്‍. അതുപോലെ പി.വി. അന്‍വറിന്റെ കാര്യത്തിലും നിലമ്പൂരില്‍ കണക്കു കൂട്ടല്‍ പിഴച്ചു. പി.വി. അന്‍വറിനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടു തന്നെ പ്രചണം നടത്തേണ്ടിയിരുന്നെന്നും വിലയിരുത്തി. ഭാവിയിലും എം.വി.ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തി.