-->
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ ഉള്‍പ്പെടെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് വേണ്ടി വര്‍ഷങ്ങളോളം ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഡല്‍ഹിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. നാവികസേനാ ആസ്ഥാനത്ത് ഗുമസ്തനും ഹരിയാനയില്‍ താമസക്കാരനുമായ വിശാല്‍ യാദവാണ് അറസ്റ്റിലായത്.
നാവികസേനയുമായും മറ്റ് പ്രതിരോധ വിഭാഗങ്ങളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഐഎസ്‌ഐയുമായി ബന്ധമുള്ള ഒരു സ്ത്രീക്ക് പണംവാങ്ങി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഹരിയാനക്കാരനായ യാദവിനെ ഡല്‍ഹിയില്‍ നിന്നുമാണ് രാജസ്ഥാന്‍ പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങള്‍ രാജസ്ഥാനിലെ സിഐഡി ഇന്റലിജന്‍സ് വിഭാഗം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു. നിരീക്ഷണത്തിനിടയില്‍, പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഒരു വനിതാ ഹാന്‍ഡ്ലറുമായി സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്ന യാദവിനെ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
പ്രിയശര്‍മ്മ എന്ന് സ്വയം വിളിക്കുന്ന സ്ത്രീ തന്ത്രപരമായ പ്രാധാന്യമുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ പണം നല്‍കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിശാല്‍ യാദവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും നഷ്ടം നികത്താന്‍ പണം ആവശ്യമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് അക്കൗണ്ട് വഴിയും ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടും പണം സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയ്പൂരിലെ കേന്ദ്രത്തില്‍ വിശാല്‍ യാദവിനെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്.
ഈ റാക്കറ്റില്‍ മറ്റാരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എത്രത്തോളം നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ന്നുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജന്‍സികള്‍. ചാരസംഘങ്ങളിലെ പ്രധാന മാധ്യമമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് അറസ്റ്റ്. സോഷ്യല്‍ മീഡിയയിലെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു.