-->
ബെംഗളൂരു നഗരത്തില്‍ താമസത്തിനായി മനസിന് ഇഷടപ്പെട്ട ഒരു വീടോ ഫ്്‌ളാറ്റോ കിട്ടണമെങ്കില്‍ നന്നേ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇഷ്ടപ്പെടുന്ന സ്ഥലത്തിന് എന്തായാലും നല്ല വാടക തന്നെയായിരിയ്ക്കും. എന്നാല്‍ വാടക ഒരു പ്രശ്‌നമല്ലെന്ന ചിന്താഗതിയില്‍ ഒരു ഗംഭീര വീട് സ്വന്തമാക്കിയിരിയ്ക്കുകയാണ് ഒരു മെക്‌സിക്കന്‍ സ്വദേശി. എന്നാല്‍ ഇദ്ദേഹത്തിന്റെ വീടിന്റെ വാടക തുകയാണ് ആരെയും ഞെട്ടിപ്പിയ്ക്കുന്നത്.
നാലുലക്ഷം രൂപയാണ് ഇവിടെ ഇഷ്ടപ്പെട്ട താമസസ്ഥലത്തിനായി അദ്ദേഹം പ്രതിമാസം ചെലവഴിക്കുന്നത്. നാലുലക്ഷം രൂപ വാടകയിനത്തില്‍ മാസം ചെലവഴിക്കുന്നുണ്ടെങ്കിലും താന്‍ താമസിക്കുന്ന ഇടം അത്രത്തോളം നല്ലതാണെന്നാണ് യുവാവിന്റെ അഭിപ്രായം. ഇന്ത്യന്‍ നഗരങ്ങളിലെ വാടക വീടുകള്‍ പരിചയപ്പെടുത്തുന്ന ഒരു ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ നിന്നും രണ്ടുമണിക്കൂര്‍ യാത്ര ചെയ്‌തെത്താവുന്ന ദൂരത്തില്‍ നന്ദി ഹില്‍സ് റോഡിലാണ് ഇദ്ദേഹത്തിന്റെ താമസസ്ഥലം.
ഈ വീടിന്റെ അകത്തളവും ചുറ്റുമുള്ള കാഴ്ചകളും അതിമനോഹരമാണെന്ന് വേണം പറയാന്‍. വീടിന്റെ ഓരോ മുക്കും മൂലയും തന്റെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ഒത്തവിധത്തിലാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ലിവിങ് റൂമിലേക്ക് വേണ്ടുന്ന ഫര്‍ണിച്ചറുകള്‍ മെക്‌സിക്കോയില്‍ നിന്നും എത്തിച്ചതാണ്. പുറം കാഴചകളില്‍ പ്രധാനം വീടിനോട് ചേര്‍ന്ന് ഒഴുകുന്ന അരുവി തന്നെയാണ്. ഒരു ഇന്‍ഡോര്‍ വാട്ടര്‍ ഗാര്‍ഡനും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
വീടിനു ചുറ്റും പച്ചപ്പും മലനിരകളുടെ മനോഹരമായ കാഴ്ചയും ഉണ്ട്. ചുറ്റുമുള്ള കാഴ്ചകള്‍ വീടിന്റെ ഏത് കോണിലുമിരുന്ന് ആസ്വദിക്കാവുന്ന തരത്തില്‍ ഫ്‌ലോര്‍ ടു സീലിങ് ഗ്ലാസ് ജനാലകള്‍ ധാരാളമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്വാഭാവിക വെളിച്ചവും വായുവും യഥേഷ്ടം വീടിനുള്ളില്‍ ലഭിക്കുന്നുണ്ട്. ഒരു സ്വിമ്മിങ് പൂളും പൂന്തോട്ടവും ഈ വീട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ വൈറലായിരിയ്ക്കുകയാണ്.