-->
ലണ്ടന്‍: ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഇംഗ്ലണ്ടിലുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനായി ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും ഇംഗ്ലണ്ടിലുണ്ട്. അതിനിടെ പരിശീലന വേദി സംബന്ധിച്ച് പുതിയൊരു വിവാദം ഉടലെടുത്തു. ഓസ്‌ട്രേലിയന്‍ ടീമിന് ലോര്‍ഡ്‌സ് മൈതാനത്ത് പരിശീലനം നടത്താന്‍ അനുമതി നിഷേധിച്ചുവെന്ന വിവാദമാണ് ഉയരുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം ലോര്‍ഡ്‌സിലാണ് അരങ്ങേറുന്നത്. ഇനി മൂന്ന് ദിവസമാണ് കലാശപ്പോരിനുള്ളത്. ഓസ്‌ട്രേലിയന്‍ ടീമിന് ലോര്‍ഡ്‌സില്‍ പരിശീലന അനുമതി നിഷേധിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന് ലോര്‍ഡ്‌സില്‍ പരിശീലനത്തിന് അനുമതി നല്‍കി എന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ലോര്‍ഡ്‌സില്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു ഓസീസ് ടീമിനു പരിശീലന വേദി തേടി മൂന്ന് മണിക്കൂറോളം സഞ്ചരിക്കേണ്ടി വന്നതായും ഓസീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നു.