Saturday, March 14, 2026 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jun 2025 10.19 AM

'കാവിക്കൊടി പിടിച്ച ഭാരതാംബ'യുടെ ചിത്രത്തെച്ചൊല്ലി വിവാദം ; കടുപ്പിച്ച് സിപിഐ, മയത്തില്‍ മുഖ്യമന്ത്രി

uploads/news/2025/06/785093/cpi-bjp.jpg

തിരുവനന്തപുരം: രാജ്ഭവനിലെ 'കാവിക്കൊടി പിടിച്ച ഭാരതാംബ'യുടെ ചിത്രത്തെച്ചൊല്ലി വിവാദം പുകയുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണ മെന്നാവശ്യപ്പെട്ടു സി.പി.ഐ. രാഷ്ട്രപതിക്കു കത്തയച്ചു. ഗവര്‍ണര്‍ക്കെതിരേയുള്ള നിലപാടിന്റെ ഭാഗമായി ഇന്ന് ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സി.പി.ഐ. വൃക്ഷത്തൈകള്‍ നടും. സി.പി.ഐയും വിവിധ മന്ത്രിമാരും പ്രതിപക്ഷവും ഗവര്‍ണറെ വിമര്‍ശിക്കുമ്പോഴും മുഖ്യമന്ത്രി മൃദുസമീപനം കൈക്കൊള്ളുകയാണെന്ന ആരോപണവും ശക്തം. സി.പി.ഐക്കുള്ളിലും ഈ വിമര്‍ശനമുണ്ട്.

വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി പരസ്യമായി എതിര്‍പ്പ് അറിയിക്കണമെന്നാണ് ആവശ്യം. രാജ്ഭവനില്‍ നടത്താനിരുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഭാഗമായി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശമാണു വിവാദത്തിനു തിരികൊളുത്തിയത്. ആര്‍.എസ്.എസ്. ഉപയോഗിക്കുന്ന 'കാവിക്കൊടി പിടിച്ച ഭാരതാംബ'യുടെ ചിത്രം ഔദ്യേഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കൃഷിമന്ത്രി പി. പ്രസാദ്, ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ചിത്രം മാറ്റില്ലെന്നു രാജ്ഭവന്‍ വ്യക്തമാക്കിയതോടെ മന്ത്രി പരിപാടി ഒഴിവാക്കുകയായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം സെക്രട്ടേറിയറ്റിലേക്കു മാറ്റുകയും ചെയ്തു.

ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവര്‍ണര്‍ കൈക്കൊണ്ടതെന്നു ചൂണ്ടിക്കാട്ടി സി.പി.ഐയുടെ രാജ്യസഭാംഗം പി. സന്തോഷ് കുമാറാണു രാഷ്ട്രപതിക്കു കത്തയച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ അധികാരം തുടര്‍ച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും പരാതിയില്‍ പറയുന്നു. 'തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഭാരത്മാതായുടെ ഒരു പ്രത്യേക പതിപ്പ് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിനെ പരിപാടി ബഹിഷ്‌കരിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ആവര്‍ത്തിച്ച് രാഷ്ട്രീയഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു.

രാജ്ഭവനുകളെ ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ര്ത കേന്ദ്രങ്ങളാക്കി മാറ്റുകയും ഭരണഘടനാ മാനദണ്ഡങ്ങള്‍, ഫെഡറല്‍ തത്വങ്ങള്‍, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇത്തരം നടപടികള്‍ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നു. ഗവര്‍ണര്‍ പദവിക്ക് നല്‍കിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണ്.'-പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്ന ഗവര്‍ണറുടെ വാക്കുകള്‍ക്ക് മറുപടിയായാണ് ദേശീയ പതാക സി.പി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്. ദേശീയ പതാകയാണ് രാജ്യത്തിന്റെ അടയാളമെന്നാണ് സി.പി.ഐയുടെ മറുപടി.

രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച കൃഷിമന്ത്രി പി. പ്രസാദിന്റെ നിലപാടിനു പൂര്‍ണപിന്തുണയാണ് സംസ്ഥാന നേതൃത്വം നല്‍കുന്നത്. നേരത്തെ ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയെ രാജ്ഭവനില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതില്‍ മുഖ്യമന്ത്രി വൈകിയാണ് വിമര്‍ശനം അറിയിച്ചതെന്നും വിമര്‍ശനമുണ്ട്. എതിര്‍പ്പ് രേഖാമൂലം അറിയിച്ചതുമില്ല. അതേ സമയം, സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് രാജ്ഭവന്റെ അഭിപ്രായം. ചിത്രം മാറ്റില്ലെന്ന ഉറച്ച നിലപാടിലാണു ഗവര്‍ണര്‍.

Ads by Google
Ads by Google
TRENDING NOW