-->
കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്ന മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്നും സർക്കാർ നിലപാടറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്.
മതസ്വാതന്ത്ര്യത്തെയും അതിലെ കോടതി ഇടപെടലുകളെയും സംബന്ധിച്ച ഏഴ് ചോദ്യങ്ങൾക്കാണ് സർക്കാർ മറുപടി നൽകിയത്. ശബരിമല സ്ത്രീപ്രവേശന ആവശ്യത്തില്‍ പൊതുതാല്‍പര്യമില്ല എന്നും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ തീരുമാനമെടുക്കാനാവില്ല എന്നും സർക്കാർ നിലപാടറിയിച്ചു. യുക്തിയുടെയോ വികാരത്തിന്റെയോ അടിസ്ഥാനത്തില്ല വിശ്വാസം പരിശോധിക്കേണ്ടത്. വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തുന്നതാണോ എന്നാണ് പരിശോധിക്കേണ്ടത്. മതവിഭാഗത്തിന്റെ ആഭ്യന്തര ആചാരങ്ങള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാവില്ല എന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതര മനുഷ്യാവകാശലംഘനം അല്ല എന്നും നരബലി പോലെയുള്ള കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം ഇടപെടാം എന്നും സർക്കാർ നിലപാടറിയിച്ചു.
2018-ലെ യുവതീപ്രവേശ വിധിക്ക് പിന്നാലെ നവോത്ഥാന സമിതിയും വനിതാ മതിലുമായി വിധിയെ ശക്തമായി പിന്തുണച്ച സർക്കാർ, പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോഴും വിധി നടപ്പിലാക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ നിലപാട് മാറ്റിയതിന് പിന്നാലെ ഇപ്പോൾ സർക്കാരും ആചാരങ്ങൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.