-->
പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എയർ ഇന്ത്യ ഗ്രൂപ്പിന്റെ പ്രത്യേക വിമാന സർവീസുകൾ . ഇന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ആകെ 80 വിമാന സർവീസുകൾ പശ്ചിമേഷ്യൻ മേഖലയിലേക്ക് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ നിശ്ചിത സർവീസുകളോടൊപ്പം പ്രത്യേക (അഡ്‌ഹോക്ക്) സർവീസുകളും ഉൾപ്പെടുന്നുണ്ട്.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ജിദ്ദയിലേക്ക് മൊത്തം 10 വിമാന സർവീസുകൾ നടത്തും. ദില്ലിയിൽ നിന്ന് ഒരു റൗണ്ട് ട്രിപ്പും മുംബൈയിൽ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും എയർ ഇന്ത്യ നടത്തും. കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ നിന്നായി എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ നടത്തും. അതേസമയം, മസ്‌കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് എട്ട് നിശ്ചിത സർവീസുകൾ നടത്തും. ദില്ലി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് മസ്‌കത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു.