Thursday, March 12, 2026 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Saturday 31 May 2025 01.30 PM

പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.എം. 19 വര്‍ഷത്തിനുശേഷം ; കാലവര്‍ഷത്തിലും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

uploads/news/2025/05/783973/swaraj.jpg

മലപ്പുറം: നിലമ്പൂരില്‍ എം. സ്വരാജിനെ സി.പി.എം. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കനത്ത കാലവര്‍ഷത്തിലും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെയും ഇടതു സ്ഥാനാര്‍ഥി എം. സ്വരാജിനെയും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോരിനിറങ്ങി എം.എല്‍.എ. സ്ഥാനം രാജിവച്ച പി.വി. അന്‍വര്‍ അവസാനം എന്ത് നിലപാടെടുക്കും എന്നതാണ് ഇനി തെളിയാനുള്ളത്. മത്സരിക്കുമെന്നു അന്‍വര്‍ പറയുന്നുണ്ടെങ്കിലും അവസാന നിമിഷം ഇതില്‍ മാറ്റംവരുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്. മറിച്ചായാല്‍ അന്‍വറിനു പിന്നീട് രാഷ്ട്രീയ ഭാവിയുണ്ടാകില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ടാകും.

പതിറ്റാണ്ടുകളോളം ആര്യാടന്‍ മുഹമ്മദിലൂടെ കോണ്‍ഗ്രസിനൊപ്പം നിന്ന നിലമ്പൂര്‍ മണ്ഡലം പി.വി. അന്‍വറിലൂടെ സി.പി.എ. വരുതിയിലാക്കിയത്. പഴയ കോണ്‍ഗ്രസുകാരനായ അന്‍വറിനെ ഉപയോഗിച്ച് 2016 ല്‍ നടത്തിയ പരീക്ഷണം വിജയിച്ചു. അന്ന് ആര്യാടന്‍ ഷൗക്കത്തിന് തോല്‍പ്പിച്ച അന്‍വര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.വി. പ്രകാശിനെയും വീഴ്ത്തി. സി.പി.എമ്മിന് അഭിമാന വിജയങ്ങളായിരുന്നു ഇത്.

എന്നാല്‍ അന്‍വര്‍ മുഖ്യമന്ത്രിക്കെതിരേ തന്നെ തിരിഞ്ഞത് തിരിച്ചടിയായി. അദ്ദേഹം രാജിവച്ചൊഴിഞ്ഞതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് വെല്ലിവിളികള്‍ നിറഞ്ഞതാണ്. യു.ഡി.എഫിനെ തോല്‍പ്പിക്കുക എന്നതിനൊപ്പം അന്‍വറിന്റെ തന്ത്രങ്ങള്‍ വിജയിപ്പിക്കാതിരിക്കുകയെന്നതാണ് സി.പി.എമ്മിനുള്ള വെല്ലുവിളി.

സ്വരാജിലൂടെ നിലമ്പൂരില്‍ സി.പി.എം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതു 19 വര്‍ഷത്തിന് ശേഷമാണ്. 2006 ല്‍ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണനാണ് പാര്‍ട്ടി ചിഹ്നഹ്നഹ്്‌നത്തില്‍ അവസാനമായി മത്സരിച്ചത്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദിനോട് കനത്ത പരാജയം ഏറ്റുവാങ്ങി. 18000 ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പിന്നീട് സി.പി.എം. പൊതുസ്വതന്ത്രരുടെ പിന്നാലെ പോകുന്ന കാഴ്ച്ചയാണ് കണ്ടത്. 2011 ല്‍ പ്രഫ. എം. തോമസ് മാത്യുവിനെയും 2016ലും 2011ലും പി.വി. അന്‍വറിനെയും മത്സരിപ്പിക്കുകയായിരുന്നു. 1987 ല്‍ ദേവാസ് പൊറ്റെക്കാട് സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് 19 വര്‍ഷത്തിനുശേഷമാണ് 2006 ല്‍ ശ്രീ രാമക്ഷ്ണനെ പരീക്ഷിച്ചത്.

ചരിത്രനിയോഗംപോലെ വീണ്ടും ഒരു 19 വര്‍ഷത്തിനുശേഷം സ്വരാജിനെ പാര്‍ട്ടി ചിഹ്നത്തില്‍ രംഗത്തിറക്കുമ്പോള്‍ കുഞ്ഞാലിക്കുശേഷം പാര്‍ട്ടി ചിഹ്നഹ്നത്തില്‍ വിജയിപ്പിച്ച് ഒരംഗത്തെ നിയമസഭയിലേക്ക് അയയ്ക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. കുഞ്ഞാലി മരിച്ചു 56 വര്‍ഷമായിട്ടും പിന്നീട് സി.പി.എമ്മിന് നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ വിജയിപ്പിക്കാനായിട്ടില്ല.

അതേസമയം യു.ഡി.എഫും എസ്.ഡി.പിഐയും എല്‍.ഡി.എഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ല. നാളെ ബി.ഡി.ജെ.എസ്. കൗണ്‍സില്‍ യോഗം വീണ്ടും ചേരുന്നുണ്ട്. ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത തെരഞ്ഞെടുപ്പില്‍ എന്തിന് മത്സരിക്കണമെന്നാണ് ബി.ജെ.പിയില്‍ ഒരു വിഭാഗം ചോദിക്കുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് നില്‍ക്കെ മത്സരിച്ചില്ലെങ്കില്‍ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍ മറ്റൊരു വിഭാഗം മുന്നോട്ടുവയ്ക്കുന്നു.

ബൗദ്ധിക-കരുത്തും മികച്ച വാഗ്മിയും; സ്വരാജില്‍ സി.പി.എം. പ്രതീക്ഷ

തിരുവനന്തപുരം: ബൗദ്ധിക-കരുത്തും മികച്ച വാഗ്മിയുമായ എം. സ്വരാജ് സി.പി.എമ്മിന്റെ തുരുപ്പുചീട്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തൃപ്പുണ്ണിത്തുറയിലെ ആദ്യ അട്ടിമറി ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. സി.പി.എമ്മിന്റെ ബൗദ്ധിക-സംഘടനാ കരുത്തുള്ള യുവനേതാവാണ് സ്വരാജ്. ഈ കരുത്തില്‍ തൃപ്പുണ്ണിത്തുറയില്‍ കെ. ബാബുവിന്റെ പടയോട്ടം തകര്‍ത്താണ് സ്വരാജ് നിയമസഭയില്‍ ആദ്യമായെത്തിയത്. സഭയില്‍ ശോഭിക്കുകയും ചെയ്തു.

ചെറിയ മാര്‍ജിനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വരാജ് തൃപ്പൂണ്ണിത്തുറയില്‍ വീണു. പക്ഷേ, ഉറച്ച കോണ്‍ഗ്രസ് കോട്ട പിടിച്ച സ്വരാജിന് സ്വന്തം നാടായ നിലമ്പൂരിലും അത്ഭുതം കാട്ടാനാകുമെന്ന് സി.പി.എം. വിലയിരുത്തുന്നു. സി.പി.എമ്മിലെ ഓള്‍ റൗണ്ടറാണ് സ്വരാജ്. സൈബര്‍ സഖാക്കള്‍ക്കിടയിലും സ്വാധീനമുണ്ട്. ഇതിനൊപ്പം യുവാക്കളുടെ പ്രതീക്ഷയും.

എം. സ്വരാജ് (46) സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗംവും ദേശാഭിമാനി റെസിഡന്റ് എഡിറ്ററുമാണ്. 2016 മുതല്‍ 2021 വരെ തൃപ്പൂണിത്തുറ എം.എല്‍.എ. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് ഉയര്‍ന്നു. ഡി.വൈ.എഫ്.ഐ. മുഖമാസിക യുവധാരയുടെ എഡിറ്റര്‍ പദവിയും വഹിച്ചു. മികച്ച വാഗ്മിയും നിരവധി പുസ്തങ്ങളുടെ രചയിതാവുമാണ്.

ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്തകം, മരണം കാത്ത് ദൈവങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മലയാള സാഹിത്യത്തിനു പുറമെ സോഷ്യോളജിയിലും ബിരുദാനന്തര ബിരുദമുണ്ട്. നിലമ്പൂര്‍ പോത്തുകല്ല് പതാര്‍ സുമാ നിവാസില്‍ പി. എന്‍. മുരളീധരന്റെയും പി. ആര്‍. സുമാംഗിയമ്മയുടേയും മകനാണ്. ഭാര്യ: സരിത.

കറിക്ക് രുചി വേണേല്‍ കറിവേപ്പില വേണമെന്ന് അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമര്‍ശത്തില്‍ മറുപടിയുമായി പി.വി. അന്‍വര്‍. ഏത് കറിക്കും രുചിയുണ്ടാകണമെങ്കില്‍ കറിവേപ്പില വേണം. ഏറെ പോഷകഗുണവുമുണ്ട്. തന്നെ കറിവേപ്പില പോലെയാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ ചെറിയൊരു വസ്തുതയുണ്ട്. ഇപ്പോഴത്തെ തന്റെ അവസ്ഥ കറിവേപ്പില പോലെയാണ്. എല്ലാ പോഷകഘടകങ്ങളും ഊറ്റുന്നത് പോലെയാണെന്നും അന്‍വര്‍ പറഞ്ഞു.

നിലമ്പൂരില്‍ അന്‍വര്‍ ഒരുവിഷയമേ അല്ലെന്നും അന്‍വറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും ആര്‍ക്കും വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം. സ്വരാജ് ശക്തനാണോ അല്ലയോയെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞറിയാം. ഞാന്‍ ഉയര്‍ത്തി കൊണ്ടുവന്ന പിണറായിസത്തിനെതിരേ വികാരം നാട്ടിലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW