-->
മറ്റ് ക്യാൻസറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 1.55 കോടി വ്യക്തികളുടേയും രണ്ടാം ഘട്ടത്തില്‍ 1.28 കോടി വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയിരുന്നു.
ആകെ 9,13,484 പേര്‍ക്ക് ക്യാന്‍സര്‍ സംശയിച്ചു. അതില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദവും, ഗര്‍ഭാശയ ഗളാര്‍ബുദവുമാണ് കണ്ടെത്തിയത്. സ്‌ക്രീനിംഗില്‍ 41,660 പേര്‍ക്കാണ് വദനാര്‍ബുദ സാധ്യത കണ്ടെത്തിയത്. ഇത് കൂടി മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്ന ജനകീയ ക്യാൻസര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയത്.
രണ്ടാം ഘട്ടത്തില്‍ വദനാര്‍ബുദം ഉള്‍പ്പെടെ പുരുഷന്‍മാരെ കൂടി ബാധിക്കുന്ന ക്യാൻസറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാവരും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി ക്യാൻസർ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.