-->
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കണ്ണൂരില്‍ വച്ചുനടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ കേസില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ കണ്ണൂര്‍ സിജെഎം കോടതി തള്ളി. പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 12 വരെയായിരുന്നു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നത്. തെളിവെടുപ്പിനായി 5,6 തീയതികളില്‍ ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മന്ത്രിയുടെ കഴുത്തിനാണ് പരുക്കേറ്റത്.
കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കെഎസ്യുവിന്റെ പ്രതിഷേധം ഉണ്ടായത്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.