-->
സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായി ജപ്പാന്‍ കമ്പനിയുടെ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് കാര്‍
കെജി മോട്ടോര്‍സിന്റെ പുതിയ ചെറിയ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് കാറാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സാധാരണ കാറുകളുടെ വലിപ്പത്തേക്കാള്‍ ചെറുതായ ഈ ഇവിയില്‍ ഒരാള്‍ക്ക് മാത്രമാണ് യാത്രകള്‍ സാധ്യമാവുക. 7,000 ഡോളര്‍ അതായത് ഏകദേശം 5.98 ലക്ഷം രൂപ വിലയുള്ള ഈ പുതിയ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് കാറിനെ മിബോട്ട് അല്ലെങ്കില്‍ മൊബിലിറ്റി റോബോട്ട് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ജപ്പാനിലെ ഹിരോഷിമ ആസ്ഥാനമായുള്ള ജാപ്പനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കെജി മോട്ടോര്‍സ് മിബോട്ടിന്റെ 3,300 യൂണിറ്റ് നിര്‍മിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ പകുതിയിലധികവും വിറ്റുതീര്‍ന്നിരിയ്ക്കുകയാണ്. 2027 മാര്‍ച്ചോടെ ഈ കാറുകള്‍ ഡെലിവറി ചെയ്യാനാവുമെന്നാണ് ഇലക്ട്രിക് കാര്‍ നിര്‍മാതാവ് പ്രതീക്ഷിക്കുന്നത്. 1,500 മില്ലിമീറ്ററില്‍ താഴെ ഉയരമുള്ള കെജി മോട്ടോര്‍സിന്റെ പുതിയ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് മിബോട്ടിന് പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. ടൂവീലറുകള്‍ക്ക് പകരമായി ഏറ്റവും സുരക്ഷിതമായ രീതിയില്‍ ഇതില്‍ യാത്ര ചെയ്യാനാവുമെന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. മിബോട്ട് ഇലക്ട്രിക് കാര്‍ വെറും 5 മണിക്കൂര്‍ സമയം കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും.
അതേസമയം ഇലക്ട്രിക് കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയാണെന്നും കമ്പനി പറയുന്നു. ഈ കണക്കുകള്‍ പ്രകാരം ആഡംബരത്തേക്കാള്‍ കാര്യക്ഷമതയ്ക്കാണ് ഇവി മുന്‍ഗണന നല്‍കുന്നതെന്ന് കെജി മോട്ടോര്‍സിന്റെ സ്ഥാപകനും സിഇഒയുമായ കസുനാരി കുസുനോകി പറഞ്ഞു. ആദ്യത്തെ 300 യൂണിറ്റുകള്‍ 2026 മാര്‍ച്ച് അവസാനത്തോടെ ഹിരോഷിമയിലെയും ടോക്കിയോയിലെയും ഉപഭോക്താക്കള്‍ക്ക് എത്തിക്കണമെന്നും ബാക്കി 3,000 എണ്ണം രാജ്യവ്യാപകമായി കയറ്റുമതി ചെയ്യുമെന്നുമാണ് കമ്പനി പറയുന്നത്. ആദ്യ ബാച്ചില്‍ സ്റ്റാര്‍ട്ടപ്പിന് പണം നഷ്ടപ്പെടുമെങ്കിലും രണ്ടാമത്തെ ബാച്ചില്‍ ലാഭം തുല്യമാകുമെന്ന് കമ്പനി ഉടമ പറയുന്നുണ്ട്. അതിനുശേഷം, പ്രതിവര്‍ഷം 10,000 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.