-->
ബ്രസിലില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഒരു ലൈവ് ടിവി ഷോയ്ക്കിടയില്‍ നൃത്തം ചവിട്ടിയ ഒരു കന്യാസ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മതപരമായ ജീവിതത്തെക്കുറിച്ചുള്ള ഒരു ലളിതമായ പ്രസംഗം ഒരു കന്യാസ്ത്രീ അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂടെയുണ്ടായിരുന്ന മറ്റൊരു കന്യാസ്ത്രീ നൃത്തം ചവിട്ടിയത്. കന്യാസ്ത്രീയുടെ നൃത്തം കണ്ടിരുന്ന, ടിവി പ്രോഗ്രാമിന്റെ അവതാരകന്‍ ഡീക്കണ്‍ ജിയോവാനി ബാസ്റ്റോസും കന്യാസ്ത്രീയൊടൊപ്പം നൃത്തം ചവിട്ടുന്നതും കാണാം.
വീഡിയോ വളരെ വേഗം വൈറലായി. മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളെ സഹായിക്കുന്ന ഒരു മതസംഘടനയുടെ ഭാഗമാണ് രണ്ട് കന്യാസ്ത്രീകളും. 'കോപിയോസ റെഡെന്‍സാവോ' സഭയിലെ സിസ്റ്റര്‍ മാരിസെലെ കാസിയാനോയും മാരിസ ഡി പോളയുമാണ് വീഡിയോയിലെ രണ്ട് കന്യാസ്ത്രീകളെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലിലെ പൈ എറ്റെര്‍ണോ ടെലിവിഷന്‍ ചാനലില്‍ തൊഴില്‍പരമായ ധ്യാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സിസ്റ്റര്‍ മാരിസ നൃത്തം ചവിട്ടിയത്. വീഡിയോ ലോകമെങ്ങും വൈറലായതിന് പിന്നാലെ സിസ്റ്റര്‍ മാരിസെലെ, തങ്ങള്‍ ആ നിമിഷം നേരത്തെ പദ്ധതിയിട്ട് ചെയ്തതല്ലെന്നും യാദൃശ്ചികയാ ചെയ്തതാണെന്നും വ്യക്തമാക്കി.
'ആ നിമിഷം വളരെ സ്വതസിദ്ധമായിരുന്നു, കാരണം സിസ്റ്റര്‍ മാരിസയുടെ കാര്യത്തില്‍, നിങ്ങള്‍ ഒരു ബീറ്റ് തുടങ്ങിയാല്‍, അവള്‍ നൃത്തം ചെയ്യും. ഞാന്‍ പാടാനും ബീറ്റ്‌ബോക്‌സിംഗും ശീലമാക്കിയിട്ടുണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് അത് വളരെ ലളിതവും സ്വതസിദ്ധവും അതേസമയം ബ്രസീലിന് പുറത്ത് പോലും അത് വൈറലായത് കാണുന്നത് വളരെ അത്ഭുതകരവുമായിരുന്നു' എന്നാണ് സിസ്റ്റര്‍ മാരിസെലെ സംഭവത്തെ കുറിച്ച് പറഞ്ഞത്. കന്യാസ്ത്രീയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പെഴുതിയത്.