-->
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും ഈ കേസില്‍ കന്യാസ്ത്രീകള്‍ക്ക് നീതികിട്ടും വരെ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നടന്നത് ഒരു തെറ്റിദ്ധാരണയാണ് അത് തിരുത്തുമെന്നും അതിനായി ബിജെപി പ്രതിനിധികള്‍ ഛത്തീസ്ഗഡിലുണ്ടെന്നും ആവശ്യമെങ്കില്‍ താനും അവിടേയ്ക്ക് പോകാന്‍ തയ്യാറാകുമെന്നും കന്യാസ്ത്രീകളെ മോചിപ്പിച്ച് വീട്ടിലെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും പറഞ്ഞു.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കന്യാസ്ത്രീകള്‍ക്ക് പുര്‍ണ്ണപിന്തുണ നല്‍കുന്നു. ഛത്തീസ്ഗഡ് സംസ്ഥാനത്ത് ഒരു മതനിയമം ഉണ്ട്. ആള്‍ക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാരിന്റെ ഒരു പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിയമം 2013 ല്‍ പാസ്സാക്കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതെ പോയതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കും വരെ കൂടെയുണ്ടാകും. ഛത്തീസ്ഗഡിലെ ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തുകയും നീതി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
അനൂപ് ആന്റണി അവിടെ നിന്നും പ്രവര്‍ത്തിക്കുന്നു. കന്യാസ്ത്രീകള്‍ പുറത്തുവരും വരെ അവര്‍ക്കൊപ്പം ഉണ്ടാകും. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടക്കുന്നുണ്ട്. പക്ഷേ ആ കാര്യങ്ങളല്ല ഇവിടെ നടന്നത്. ബജ്‌റംഗദള്‍ മറ്റൊരു സ്വതന്ത്രസംഘടനയാണെന്നും അവര്‍ ചെയ്യുന്ന തെറ്റിന് അവര്‍ ശിക്ഷിക്കപ്പെടണമെന്നും പറഞ്ഞു. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമം പാസ്സാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അവര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ അവസരവാദ രാഷ്ട്രീയം നടത്തുകയാണെന്നും പറഞ്ഞു. ഏതു സമുദായമായാലും ഒരു പ്രശ്‌നമുണ്ടായാല്‍ ബിജെപി അവര്‍ക്ക് നീതി നല്‍കാന്‍ ഇറങ്ങുമെന്നും പറഞ്ഞു.