-->
ഒരാഴ്ച മുമ്പ് ഏറ്റവും കൂടുതൽ വൈറലായ വാർത്ത മിനിസ്ക്രീൻ താരങ്ങളായ ആര്യ ബഡായിയുടേയും സിബിൻ ബെഞ്ചമിന്റേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നതാണ്. വർഷങ്ങളായുള്ള പരിചയവും അടുപ്പവുമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു എൻഗേജ്മെന്റ് ചടങ്ങുകൾ നടന്നത്. ഫങ്ഷന്റെ ചിത്രങ്ങൾ ആര്യയും സിബിനും സോഷ്യൽമീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.
അച്ഛന്റെ മരണശേഷം അമ്മയും സഹോദരിയും മകളും അടങ്ങുന്നതാണ് ആര്യയുടെ കുടുംബം. അച്ഛൻ അസുഖ ബാധിതനായപ്പോൾ മുതൽ കുടുംബകാര്യങ്ങളും അനിയത്തിയുടെ കാര്യങ്ങളും എല്ലാം ഒരു കുറവും കൂടാതെ നോക്കിയത് ആര്യയായിരുന്നു. രണ്ട് വർഷം മുമ്പ് ഏറ്റവും മനോഹരമായി ആഢംബര പൂർവം നല്ലൊരാളെ കണ്ടെത്തി അനിയത്തിയെ കൈപിടിച്ച് ഏൽപ്പിക്കുകയും ചെയ്തു ആര്യ.
രണ്ട് കുടുംബങ്ങളുടേയും പിന്തുണ വിവാഹത്തിനുണ്ടെന്നതാണ് ആര്യ പങ്കിടുന്ന പുതിയ ഫോട്ടോകളിൽ നിന്നും മനസിലാകുന്നത്. മാത്രമല്ല ആര്യയ്ക്കും സിബിനും ആശംസകൾ നേർന്ന് മനോഹരമായ ഒരു കുറിപ്പ് സഹോദരി അഞ്ജന പങ്കുവെക്കുകയും ചെയ്തു. ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ തന്റെ ചേച്ചിയും മകളും ഒറ്റയ്ക്കായിരിക്കില്ലല്ലോ എന്നത് തന്നെ വലിയ സന്തോഷം നൽകുന്നുവെന്നാണ് അഞ്ജന കുറിച്ചത്.
ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാൻ. പക്ഷെ എനിക്ക് ഇത് പ്രത്യേകമായതിനാൽ അല്ലെങ്കിൽ ഒരു പ്രധാന ഓർമ്മ ആയതുകൊണ്ട് ഞാൻ ഈ സമയം എടുത്തു. എന്തെങ്കിലും കാര്യത്തിൽ നിങ്ങൾ മാനിഫെസ്റ്റേഷൻ നടത്തിയാൽ അത് ഒടുവിൽ നിങ്ങൾക്ക് സംഭവിക്കും. അതുപോലെ ഞാൻ വർഷങ്ങളായി മാനിഫെസ്റ്റ് ചെയ്തിരുന്ന ഒരു ദിവസമാണ് ഇത്. അവളുടെ വിവാഹദിനം... ഒടുവിൽ അത് സംഭവിച്ചു. ഇത് ഒരു വിവാഹനിശ്ചയം മാത്രമാണെന്ന് എനിക്കറിയാം.
പക്ഷെ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമായിരിക്കും. ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി ശരിക്കും കാത്തിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു...അച്ഛൻ. ഇപ്പോൾ അച്ഛൻ സമാധാനിക്കുന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ചേച്ചി... എനിക്ക് നീ നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ആത്മാർത്ഥമായി സന്തോഷമുണ്ട്.
ഒടുവിൽ നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോൾ...ഡാഡ പറയാറുള്ളത് പോലെ ഒടുവിൽ നീ ജീവിതത്തിൽ സെറ്റിലാവുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. നമ്മൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കാര്യം അറിയുക എന്ത് സംഭവിച്ചാലും ഞാൻ എപ്പോഴും നിനക്ക് ശക്തിയായി പിന്നിലുണ്ടാകും എന്നാണ് അഞ്ജന കുറിച്ചത്. ആര്യ അടക്കമുള്ളവർ സഹോദരിയുടെ കുറിപ്പിന് സ്നേഹം അറിയിച്ച് എത്തി.