Thursday, March 12, 2026 Last Updated 25 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 04.39 PM

വട കഴിച്ചിട്ടുണ്ടോയെന്ന മര്യാദയില്ലാത്ത ചോദ്യം, ആസ്വദിച്ചുളള മറുപടി; മഞ്ജു പത്രോസ് ഉന്നം വെച്ചത് രേണു സുധിയെ ?

manju-pathrose

വനിതാ ദിനത്തില്‍ നടി മഞ്ജു പത്രോസ് പങ്കുവെച്ച വീഡിയോ വിവാദമായിരിക്കുകയാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും അഭിമാനം കളഞ്ഞ് ജീവിക്കരുതെന്നാണ് വീഡിയോയില്‍ മഞ്ജു പറയുന്നത്. യൂട്യൂബര്‍മാരുടെ അശ്ലീല ചുവയുളള ചോദ്യങ്ങള്‍ക്ക് സ്ത്രീകള്‍ വളം വെച്ചു കൊടുക്കരുതെന്നും മഞ്ജു വീഡിയോയില്‍ പറയുന്നുണ്ട്.

അശ്ലീല ചുവയുളളതും , ദ്വയാര്‍ത്ഥമുളളതുമായ പ്രയോഗങ്ങള്‍ ആസ്വദിച്ച് മറുപടി നല്‍കുന്നവരേയും മഞ്ജു പത്രോസ് വിമര്‍ശിക്കുന്നുണ്ട്. അതേസമയം മഞ്ജുവിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ താരം രേണു സുധിക്കെതിരെയുളള ഒളിയമ്പാണെന്നാണ് ചിലരുടെ വാദം. നേരത്തെ യൂട്യൂബര്‍മാരുടെ ഡബിള്‍ മീനിങ് ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയ രേണുവിന്റെ വീഡിയോ വൈറലായിരുന്നു.

എങ്ങനെയും ജീവിക്കാന്‍ പാടില്ല. ആത്മാഭിമാനം കളഞ്ഞുകൊണ്ട് ജീവിക്കണ്ട. തലയുയര്‍ത്തി പിടിച്ച് , അഭിമാനത്തോടെ ജീവിക്കേണ്ടവരാണ് നമ്മള്‍. ആണായാലും പെണ്ണായാലും ആത്മാഭിമാനം കളഞ്ഞിട്ട് ജീവിക്കരുത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ കാണുമ്പോള്‍ എനിക്ക് ദേഷ്യം തോന്നാറുണ്ട്. ഓരോ യൂട്യൂബേഴ്‌സ് സെലിബ്രിറ്റികളോട് ഡബിള്‍ മീനിങില്‍ സംസാരിക്കും. അങ്ങനെ സംസാരിക്കാനുളള ധൈര്യം നമ്മള്‍ കൊടുക്കുന്നതാണ്. ആ ധൈര്യം നമ്മള്‍ ഒരിക്കലും കൊടുക്കരുത്. അതിന് അപ്പുറത്തേക്കുളള ഒരു സ്വാതന്ത്ര്യവും ഒരുത്തനും കൊടുക്കരുത്. അത് ആണായാലും പെണ്ണായാലും. മഞ്ജു പത്രോസ് പറയുന്നു.

കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഒരു സ്ത്രീ വണ്ടിയിലേക്ക് കയറുന്നു. പിന്നാലെ യൂട്യൂബേഴ്‌സ് വരുന്നു. എന്ത് വലിയ വണ്ടിയാ എന്ന് പറയുന്നത്.കേട്ട് ഈ കുട്ടി ചിരിക്കുന്നത് കണ്ടു. എനിക്ക് ഭയങ്കര വിഷമം തോന്നി. ആ അവസരം ഒരിക്കലും ഉണ്ടാക്കി കൊടുക്കരുത്. എന്നോട് അത് പറയാന്‍ അവന്‍ പേടിക്കണം. ഒരുത്തനെ പോയി അടിച്ചിട്ടല്ല ആ പേടിയുണ്ടാകേണ്ടത്. നമ്മുടെ സംസാരം, പെരുമാറ്റം ഒക്കെയാണ്. അതില്‍ കുറച്ചുളള സന്തോഷം മതി നമുക്കെന്ന് തീരുമാനിക്കണം.

കാരണം നമുക്ക് പിറകെ നമ്മുടെ കുഞ്ഞുങ്ങള്‍ വരുന്നുണ്ട്. നമ്മളുടെ അച്ഛന്‍, അമ്മ എല്ലാവര്‍ക്കും നമ്മളെ ഓര്‍ത്ത് അഭിമാനിക്കണ്ടേ. വഴിയില്‍ കൂടെ പോകുന്ന ആരാണെങ്കിലും, ഏതവനാണെങ്കിലും എന്നോട് സംസാരിക്കുമ്പോള്‍ അളന്ന് സംസാരിക്കണം. അവന്‍ പേടിക്കണം. അവളോട് അത് പറഞ്ഞാല്‍ ശരിയാവില്ല, അവള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല എന്ന തോന്നല്‍ അവര്‍ക്കുണ്ടാകണം. പ്രത്യേകിച്ച് സ്ത്രീകളോട്. മോശമായി ഒരാള്‍ സംസാരിച്ചുവെന്ന് തോന്നിയാല്‍ പിന്നീട് അവനത് സംസാരിക്കാനുള്ള ഇടം കൊടുക്കരുത് നിങ്ങള്‍. താരം പറയുന്നു.

സോഷ്യല്‍ മീഡിയയുടെ ഭയങ്കര കടന്നു കയറ്റമല്ലേ. ഒരു ബഹുമാനവുമില്ലാതെ വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതും അത് ആസ്വദിച്ചു കൊണ്ട് മറുപടി നല്‍കുന്നതും കാണുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് കാണുന്നു. അത് അനുവദിച്ചു കൊടുക്കരുത്. എന്നോട് നീ അങ്ങനെ സംസാരിക്കണ്ട എന്ന് തന്നെ പറയണം എന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW