Thursday, March 12, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 11.05 AM

കൊന്നോ എന്ന ചോദ്യത്തിന് കൊന്നു എന്ന് മറുപടി ; മാതാവിനെതിരേ കൊലക്കുറ്റം ചുമത്തി ; അറസ്റ്റ് ഉടന്‍

uploads/news/2025/05/782021/mother.jpg

കൊച്ചി: ആലുവയില്‍ നിന്നും കുട്ടിയെ കാണാതായ സംഭവത്തില്‍ മകളെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച് മാതാവ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തിയോ എന്ന ചോദ്യത്തിന് കൊന്നു എന്നായിരുന്നു നിര്‍വ്വികാരതയോടെ മാതാവ് സന്ധ്യ വ്യക്തമാക്കിയത്. അമ്മയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. വിശദമായ തെളിവെടുപ്പും നടത്തും.

ഇന്നലെ രാത്രിയില്‍ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹം കിട്ടിയപ്പോള്‍ നിങ്ങള്‍ കൊലപ്പെടുത്തിയോ എന്ന് ചോദിച്ചപ്പോള്‍ കൊന്നു എന്നായിരുന്നു സന്ധ്യയുടെ മറുപടി. പാലത്തിലേക്ക് പോയി അവിടെ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് ഇവര്‍ നല്‍കിയിട്ടുള്ള മൊഴി. ഇതെല്ലാം ശരിയാണോ എന്നും പരിശോധിക്കും. മാതാവിന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്.

കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തും. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ ഭര്‍ത്താവുമായി വഴക്കടിച്ചിരുന്നു എന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാല പ്ലാനിംഗിലൂടെയാണോ അതോ പെട്ടെന്നുള്ള പ്രകോപനത്തിലാണോ കൊലപാതകം നടത്തിയത് എന്നു കൂടി അറിയേണ്ടതുണ്ട്. ഇതിനൊപ്പം സന്ധ്യയുടെ മാനസീകനില പരിശോധിക്കാന്‍ ഒരു മനശ്ശാസ്ത്ര വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ പരിശോധന നടത്താനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്.

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യല്‍ നടത്തുക. ഇന്‍ക്വസ്റ്റിനും പോസ്റ്റുമാര്‍ട്ടത്തിനും ശേഷം മൃതദേഹം കുട്ടിയുടെ പിതാവിന് വിട്ടുകൊടുക്കാനാണ് ആലോചിക്കുന്നത്. മുന്‍പും കുഞ്ഞുങ്ങളെ കൊല്ലാന്‍ സന്ധ്യ ശ്രമിച്ചിട്ടുണ്ടെന്നാണ് മൂത്തമകനും പിതാവുമടക്കമുള്ള ബന്ധുക്കള്‍ പറയുന്നത്. മുമ്പ് സന്ധ്യ ഇരുമ്പ് ടോര്‍ച്ച് കൊണ്ടു മൂത്തകുഞ്ഞിന്റെ തലയ്ക്കടിക്കുകയും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.

ആലുവയില്‍ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW