-->
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അറ്റ്ലാന്റയിലെ പീഡ്‌മോണ്ട് പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട പിറ്റ്ബുള്‍-ബോക്‌സര്‍ മിക്‌സ് നായ്ക്കുട്ടിയുടെ കഴുത്തില്‍ തൂക്കിയ രസകരമായ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താന്‍ നല്ല നായ ആണെന്നും ആരെങ്കിലും അഭയം നല്‍കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്. 5 വയസ്സുള്ള നായ്ക്കുട്ടിയുടെ പേര് ആന്‍ഡ്രേ എന്നാണ്.
'ഹായ്, എന്റെ പേര് ആന്‍ഡ്രേ. അഞ്ച് വയസ്സുണ്ട്. ഞാന്‍ ജനിച്ചത് 2020 ജൂണ്‍ 14നാണ്. എന്റെ പിതാവിന് വീടില്ലാത്ത അവസ്ഥയാണ്. എന്നെ ആരും ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. ഞാന്‍ ശരിക്കും നല്ല നായയാണ്. എന്നെ ആരും ഏറ്റെടുക്കാത്തതിനാല്‍ എന്റെ പിതാവ് തകര്‍ന്നിരിക്കുകയാണ്. ദയ കാണിക്കണം' - കുറിപ്പില്‍ പറയുന്നു.
ജനുവരിയിലാണ് ആദ്യമായി അഭയകേന്ദ്രം തേടിയുള്ള ആന്‍ഡ്രേയുടെ കഥ പുറത്തുവന്നത്. പിന്നീട് പലയിടത്തും കുറിപ്പ് പ്രചരിച്ചു. മാധ്യമങ്ങള്‍ ഏറ്റെടുത്തു. പരിപാലിക്കാന്‍ കഴിയാത്തതിനാല്‍ ഉടമ ഉപേക്ഷിച്ചതാകുമെന്നും സുരക്ഷിതനാകാനാണ് പാര്‍ക്കില്‍ തന്നെ കൊണ്ടുവിട്ടതെന്നും ചിലര്‍ കുറിച്ചു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രേയില്‍ മേയ് ആദ്യവാരത്തോടെ അറ്റ്ലാന്റയിലെ ഫോറസ്റ്റ് ഹോമില്‍ അഭയം ലഭിച്ചു.