-->
മുന്‍ കാമുകിയുടെ വീട്ടില്‍ കത്തിയുമായി അതിക്രമിച്ചു കയറി 25 കാരനായ യുവാവ്. സൗത്ത് കരോലിനയിലാണ് സംഭവം. കത്തിയുമായി വീട്ടില്‍ എത്തിയ ഇയാള്‍ ആരും കാണാതെ യുവതിയുടെ കുളിമുറിയില്‍ ഒളിച്ചു. കാര്യമറിയാതെ കുളിമുറിയിലെത്തിയ യുവതിയെ ഇയാള്‍ അക്രമിച്ചു. അപ്രതീക്ഷിത അക്രമണത്തില്‍ ആദ്യമൊന്ന് പതറിയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത യുവതി ഇയാളെ പെട്ടെന്ന് തന്നെ കീഴ്‌പ്പെടുത്തി. ഇതോടെ താന്‍ പ്രാങ്ക് ചെയ്യുകയായിരുന്നുവെന്ന് ഇയാള്‍ അവകാശപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കുളിമുറിയില്‍ വച്ചുണ്ടായ അക്രമണത്തില്‍ യുവതിക്ക് ചെറിയ പരിക്കുകള്‍ പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജാക്സണ്‍ കൊളം ആര്‍നോള്‍ഡ് എന്ന യുവാവാണ് ഇത്തരത്തില്‍ വിചിത്രമായി പെരുമാറിയത്. പോലീസ് പിടിയിലായ ഇയാള്‍ക്കെതിരെ മോഷണം, ആക്രമണം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തി കേസെടുത്തു. യുവതിയുമായി മുന്‍പുണ്ടായ വഴക്കിന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി താന്‍ ഒരു തമാശ ചെയ്തതാണെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, നിലവില്‍ ഷെരീഫ് അല്‍ കാനണ്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവില്‍ കഴിയുകയാണ് ഇപ്പോള്‍ ഇയാള്‍.
ജെയിംസ് ഐലന്‍ഡിലെ വെസ്റ്റ്വേ ഡ്രൈവിലുള്ള വീട്ടില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് ആക്രമണം നടക്കുന്നതായി വിവരമറിയിച്ച് കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ എത്തിയത്. ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയ പോലീസ് യുവാവിനെ പിടിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ ജീന്‍സ് മാത്രം ധരിച്ച് വീടിനുള്ളില്‍ നില്‍ക്കുകയായിരുന്നു ഇയാളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതി ഇല്ലാത്ത സമയത്താണ് അപ്പാര്‍ട്ട്‌മെന്റിലെ തകരാറുള്ള സൈഡ് ഡോര്‍ വഴി ഇയാള്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി കുളിമുറിക്കുള്ളില്‍ ഒളിച്ചിരുന്നത്. പിന്നീട് യുവതിയെത്തിയപ്പോള്‍ ഇയാള്‍ അവരെ ആക്രമിക്കുകയായിരുന്നു. മുഖം മറച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. അക്രമണത്തിനിടെ യുവതി ഇയാളുടെ മുഖംമൂടി വലിച്ചു കീറിയതോടെയാണ് തന്റെ മുന്‍ കാമുകനാണ് ആക്രമി എന്ന് യുവതി തിരിച്ചറിഞ്ഞത്.
തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയതും ആര്‍നോള്‍ഡ്, താന്‍ ഒരു പ്രാങ്ക് ചെയ്തതാണെന്നും തനിക്ക് സംസാരിക്കാന്‍ ഉണ്ടെന്നും യുവതിയോട് പറയുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ നിന്നുള്ള ഒച്ച സമീപത്ത് തന്നെ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കള്‍ അറിഞ്ഞുകാണുമെന്ന് കരുതിയ ഇയാള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മാതാപിതാക്കളെ അറിയിക്കാന്‍ യുവതിയെ പറഞ്ഞച്ചു. എന്നാല്‍ ഈ അവസരം മുതലെടുത്ത് യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.