-->
വിന്‍ഡ്സര്‍ ഇവിക്ക് പുത്തനൊരു മോഡല്‍ കൂടി സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് എംജി മോട്ടോര്‍. വിന്‍ഡ്സര്‍ പ്രോ എന്ന് വിളിക്കപ്പെടുന്ന ഈ വേരിയന്റ് നിലവിലെ മോഡലിനെ അപേക്ഷിച്ച് എല്ലാക്കാര്യത്തിലും പ്രോ ആയിരിക്കുമെന്നാണ് കമ്പനി പറയുന്നത്. പുതിയ ബാറ്ററി പായ്ക്ക്, സ്‌റ്റൈല്‍, കൂടുതല്‍ ഫീച്ചറുകള്‍, സാങ്കേതികവിദ്യ എന്നിവയോടെ പുറത്തിറങ്ങാനിരിക്കുന്ന മോഡല്‍ മെയ് ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും സൂക്ഷ്മമായ സ്‌റ്റൈലിംഗ് മെച്ചപ്പെടുത്തലുകള്‍ക്ക് പുറമെ പുതിയ വിന്‍ഡ്സര്‍ ഇവി പ്രോയില്‍ വെഹിക്കിള്‍-ടു-ലോഡ് (V2L) ചാര്‍ജിംഗ് സംവിധാനം ഇത്തവണയുണ്ടാവും. ഇത് ചെറിയ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം എന്നതിലുപരിയായി വീട്ടിലേക്ക് ഒരു ജനറേറ്ററായി വരെ പ്രവര്‍ത്തിക്കാന്‍ വാഹനത്തിനെ അനുവദിക്കും. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളില്‍ നിലവില്‍ ഇല്ലാത്ത ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് പാസഞ്ചര്‍ സീറ്റ്, ലെവല്‍ 2 ADAS തുടങ്ങിയ സവിശേഷതകളും എംജി വിന്‍ഡ്സര്‍ ഇവി പ്രോയില്‍ കമ്പനി അവതരിപ്പിക്കും.
പുതിയ എംജി വിന്‍ഡ്സര്‍ പ്രോ നിലവിലെ ടോപ്പ്-സ്‌പെക്ക് എസെന്‍സ് വേരിയന്റിന് മുകളിലായിരിക്കും സ്ഥാനംപിടിക്കുക. അതിനാല്‍ ഡിജിറ്റല്‍ കണ്‍സോള്‍, 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ്, ഫിക്‌സഡ് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, റിക്ലൈനബിള്‍ പിന്‍ സീറ്റ്, 9-സ്പീക്കര്‍ ഇന്‍ഫിനിറ്റി ഓഡിയോ സിസ്റ്റം എന്നിവയുള്‍പ്പെടെ മിക്ക സവിശേഷതകളും ഇതിലും ഉണ്ടാവും.
പുതിയ വിന്‍ഡ്സര്‍ പ്രോ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ വാഗ്ദാനം ചെയ്യുമെന്ന് എംജി പറയുന്നു. നിലവിലെ പതിപ്പിനേക്കാള്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന വലിയ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് വാഹനത്തില്‍ എത്തുക. ഇന്തോനേഷ്യയില്‍ ക്ലൗഡ് ഇവി എന്ന പേരില്‍ വില്‍ക്കുന്ന വിന്‍ഡ്സറിന് ഒറ്റ ചാര്‍ജില്‍ 460 കിലോമീറ്റര്‍ (CLTC) റേഞ്ച് നല്‍കാന്‍ കഴിവുള്ള 50.6 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ലഭിക്കുന്നുണ്ട്. പുതിയ പ്രോ വേരിയന്റിനൊപ്പം ഈ ബാറ്ററി അവതരിപ്പിക്കാനാണ് സാധ്യത.