-->
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഗീത പരിപാടി റദ്ദ് ചെയ്ത് ഗായിക ശ്രേയ ഘോഷാല്‍. ഓള്‍ ഹാര്‍ട്‌സ് ടൂര്‍ എന്ന പേരില്‍ നടത്തുന്ന സംഗീത പര്യടനത്തിന്റെ ഭാഗമായി ശനിയാഴ്ച സൂറത്തില്‍ നടത്താനിരുന്ന പരിപാടിയാണ് ശ്രേയ റദ്ദ് ചെയ്തത്. പരിപാടിയുടെ സംഘാടകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഓള്‍ ഹാര്‍ട്‌സ് ടൂറിന്റെ ഭാഗമായ എല്ലാ കലാകാരന്മാരോടും ആലോചിച്ചതിനു ശേഷം എടുത്ത തീരുമാനമാണിതെന്നും ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും തുക തിരികെ നല്‍കുമെന്നും സംഘാടകര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ശ്രേയ ഘോഷാലിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അനിരുദ്ധ് രവിചന്ദറും അര്‍ജിത് സിങ്ങും സംഗീതപരിപാടികള്‍ റദ്ദ് ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നാലെയാണ് ശ്രേയ ഘോഷാലിന്റെ പരിപാടി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നത്. രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുത്ത ഗായകരെ വാഴ്ത്തുകയാണ് സമൂഹമാധ്യമ ലോകം.