-->
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള കുടുംബമാണ് അമൃത സുരേഷിന്റേത്. അമൃത സുരേഷ് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലേക്ക് വന്നതോടെയാണ് ഈ കുടുംബം ലൈംലൈറ്റിലായത്. പിന്നാലെ സഹോദരി അഭിരാമി സുരേഷും അഭിനയ ലോകത്തേക്ക് വന്നു. മക്കള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ അച്ഛനും അമ്മയുമായിരുന്നു സുരേഷും ലൈലയും.
അന്നത്തെ റൊമാന്റിക് ഹീറോ ആയിരുന്ന ബാലയുമായുള്ള അമൃതയുടെ വിവാഹവും വന്‍ വൈറലായിരുന്നു. അതിനെക്കാള്‍ വൈറലായത് ഇരുവരുടെയും വിവാഹ മോചനമാണ്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകള്‍ക്കൊപ്പം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തിരിച്ചെത്തിയ അമൃത സുരേഷ്, തന്റെ സംഗീത ജീവിതവുമായി മുന്നോട്ടു പോയി. എന്നാല്‍ അപ്പോഴും ബാല സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചില പരമാര്‍ശങ്ങളുടെ പേരില്‍ അമൃത സുരേഷും കുടുംബവും സൈബര്‍ അറ്റാക്ക് നേരിട്ടുകൊണ്ടേയിരുന്നു.
മക്കളെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ അറ്റാക്ക് ചെയ്യുന്നത് കണ്ടുകൊണ്ടായിരുന്നു അമൃതയുടെ അച്ഛന്റെ മരണവും. അതുവരെ താങ്ങും തണലുമായിരുന്ന അച്ഛന്റെ മരണം, അമൃതയുടെ കുടുംബത്തെ നാഥനില്ലാ നിലയമാക്കി. അമ്മയും സഹോദരിയും മകളും അടങ്ങുന്ന അമൃതയുടെ കുടുംബം കൂടുതല്‍ പ്രതിസന്ധികള്‍ നേരിട്ടത് ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായിരുന്നു. ഇന്ന് അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നു. 'ഞങ്ങളുടെ അച്ഛന്‍, മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍' എന്ന ക്യാപ്ഷനോടെ അച്ഛനോടൊപ്പമുള്ള ചില മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ എത്തി.
അച്ഛന്റെ വേര്‍പാടിന് പിന്നാലെ വീണ്ടും അമൃതയ്ക്ക് ശക്തമായ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. ബാലയുടെ പരമാര്‍ശങ്ങള്‍ പരിതി കടന്നപ്പോള്‍, മകള്‍ പാപ്പു പ്രതികരണവുമായി രംഗത്തെത്തുകയും, അതിനെ തുടര്‍ന്ന് താന്‍ അനുഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് അമൃത ആദ്യമായി പ്രതികരിച്ചതും വൈറലായി. നിലവില്‍ എല്ലാ സൈബര്‍ അറ്റാക്കുകളെയും നേരിട്ട്, കുടുംബത്തിനും സംഗീതത്തിനുമൊപ്പം സന്തോഷത്തോടെ മുന്നോട്ടു പോകുകയാണ് അമൃത സുരേഷ്.