-->
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നവയാണ് ആമസോണ്‍ മഴക്കാടുകളില്‍ അപകടകാരികളായ പല ജീവികളും അധിവസിക്കുന്നുണ്ട്. എന്നാല്‍ ആമസോണിലെ ഏറ്റവും വലിയ വേട്ടക്കാരന്‍ ആരെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം എത്തിച്ചേരുന്നത് ഒരു മുതലയിലാണ്, ബ്ലാക് കെയിമാന്‍. വെള്ളത്തില്‍ ജീവിക്കുന്ന ആമകള്‍, മീനുകള്‍, പക്ഷികള്‍, കരയില്‍ ജീവിക്കുന്ന വിവിധ മൃഗങ്ങള്‍ തുടങ്ങിയവയെയൊക്കെ ഈ മുതല വേട്ടയാടും.
അലിഗേറ്റര്‍ കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണു ബ്ലാക് കെയിമാന്‍. 4 മുതല്‍ 5 മീറ്റര്‍ വരെ നീളത്തില്‍ ഇവ വളരും. ഇരുണ്ട നിറമുള്ള പുറംരൂപമാണ് ഇവയ്ക്ക്. ബ്ലാക് കെയിമാന്‍ എന്നു പേരു ലഭിക്കാനുള്ള കാരണവും ഇതുതന്നെ. വലിയ ശക്തിയില്‍ കടിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ആമസോണ്‍ മേഖലയില്‍വരുന്ന തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളില്‍ ഇവ അധിവസിക്കുന്നുണ്ട്. ഒഴുക്ക് കുറവുള്ള പുഴകളാണ് ഇവയ്ക്ക് ഏറെയിഷ്ടം. ചതുപ്പുനിലങ്ങളിലും വെള്ളം കയറിയ പുല്‍മേടുകളിലും ഇവയെ കാണാം.
ആമസോണ്‍ മഴക്കാടുകള്‍ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുജാന ഹൈലാന്‍ഡ്‌സും, പടിഞ്ഞാറ് ആന്‍ഡീസ് പര്‍വതനിരകളും കിഴക്ക് അറ്റ്‌ലാന്റിക് മഹാസമുദ്രവും ഈ മഴക്കാടുകള്‍ക്ക് അതിര്‍ത്തിയൊരുക്കുന്നു. ഉയര്‍ന്ന മഴപ്പെയ്ത്തും താപനിലയുമുള്ള കാടുകളാണ് ഇവ. ഈ അനുകൂല സാഹചര്യങ്ങളാണ് ആമസോണിലെ ജൈവവൈവിധ്യത്തിനുള്ള കാരണം.