-->
തല മൊട്ടയടിച്ച ശേഷം ഓരോ മുടിയിഴയും എണ്ണി തിട്ടപ്പെടുത്തുന്ന ഒരു യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'കണ്‍ട്രി മാന്‍' എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വിചിത്രവും എന്നാല്‍, രസകരവുമായ ഈ ക്ലിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും അതോടൊപ്പം തന്നെ രസകരമായ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.
വീഡിയോയില്‍ തലമുടിയിഴകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പാകത്തിന് ഇയാള്‍ തന്റെ മുടി മുഴുവന്‍ വടിച്ചെടുക്കുന്നത് കാണാം. തുടര്‍ന്ന് തലയെ ഓരോ ഭാഗങ്ങളായി കൃത്യമായി അടയാളപ്പെടുത്തി ആ ഭാഗങ്ങളെ ഓരോ മുടിയിഴയും കൈകൊണ്ട് എണ്ണുന്ന ശ്രമകരമായ പ്രവര്‍ത്തി ആരംഭിക്കുന്നു. എണ്ണം തെറ്റിപ്പോകാതിരിക്കാന്‍ ഓരോ മുടിയിഴയ്ക്കും ഒരു ചെറിയ കല്ല് ഒരു കൊട്ടയിലേക്ക് ഇടുന്നു. തുടര്‍ച്ചയായി നിരവധി ദിവസത്തേക്ക്, എല്ലാ ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ വരെ അദ്ദേഹം ഇതിനായി ചെലവഴിച്ചതായാണ് വീഡിയോ ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത്. ടാസ്‌ക് പൂര്‍ത്തിയാക്കിയ ശേഷം, തന്റെ തലയില്‍ 91,300 മുടിയിഴകള്‍ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മാത്രമല്ല തന്റെ ഈ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം തനിക്ക് ലഭിച്ച ഉത്തരം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനും അയച്ചു നല്‍കിയെന്നും അവകാശപ്പെട്ടു. പക്ഷേ, രണ്ട് അപേക്ഷകളും നിരസിക്കപ്പെട്ടു. എന്നാല്‍, സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു. 'ഇപ്പോള്‍ ഏകദേശം 15 ദശലക്ഷം ആളുകള്‍ ഇത് കണ്ടു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ക്ഷമയെയും അര്‍പ്പണ മനോഭാവത്തെയും നിരവധി പേര്‍ അഭിനന്ദിച്ചപ്പോള്‍ രൂക്ഷമായ പരിഹാസമാണ് മറ്റൊരു വിഭാഗം ആളുകളില്‍ നിന്നും ഉണ്ടായത്. നാട്ടില്‍ തൊഴിലില്ലായ്മ രൂക്ഷമാണ് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നായിരുന്നു ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ പരിഹാസത്തോടെ ചോദിച്ചത്.