-->
ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആറ് വിക്കറ്റ് ജയം. ലക്‌നൗവില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലക്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. മിച്ചല്‍ മാര്‍ഷിന് പകരം ഓപ്പണറായെത്തിയ റിഷഭ് പന്ത് (18 പന്തില്‍ 21) മാര്‍ക്രമിനൊപ്പം 65 ചേര്‍ത്ത് മടങ്ങി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് പുരാന്‍ - മാര്‍ക്രം സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ മാര്‍ക്രം മടങ്ങി. ഒരു സിക്‌സും ഒമ്പത് ഫോറും നേടിയ മാര്‍ക്രമിനെയും പ്രസിദ്ധാണ് മടക്കിയത്. 16-ാം ഓവറില്‍ പുരാനും മടങ്ങി. ഏഴ് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. റാഷിദ് ഖാന്റെ പന്തില്‍ ഷാരുഖ് ഖാന് ക്യാച്ച്. പൂരാന് പിറകെ ഡേവിഡ് മില്ലര്‍ (11 പന്തില്‍ 7) മടങ്ങിയെങ്കിലും അബ്ദുള്‍ സമദിനെ (2) കൂട്ടുപിടിച്ച് ആയുഷ് ബദോനി (20 പന്തില്‍ പുറത്താവാതെ 28) ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അതേ സമയം ഇന്നത്തെ മത്സരം റൺവേട്ടയിൽ മുന്നിലുള്ള രണ്ട് താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു. മത്സരം തുടങ്ങുമ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നിക്കോളാസ് പൂരനായിരുന്നു ഒന്നമത്. അഞ്ചുമത്സരങ്ങളിൽ നിന്ന് 288 റൺസായിരുന്നു പൂരന്റെ സമ്പാദ്യം. 273 റൺസുമായി രണ്ടാം സ്ഥാനത്തായിരുന്നു സായ് സുദർശൻ. എന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി അർധ സെഞ്ച്വറി നേടിയതോടെ സായ് സുദർശൻ ഒന്നാമതെത്തി.
മത്സരത്തിൽ 56 റൺസാണ് സായ് നേടിയത്. ഇതോടെ സായ് യുടെ നേട്ടം ആറുമത്സരങ്ങളിൽ നിന്ന് 329 റൺസായി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി പൂരം വെടിക്കെട്ട് നടത്തിയതോടെ സായ് യെ മറികടന്നു.