-->
കൊളംബോ: പ്രഥമ ബ്ലൈൻഡ് വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം. കൊളംബോയിലെ പി. സാറ ഓവലിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ടീം ഏകദിന ലോകകപ്പ് നേടിയതിൻ്റെ ആവേശം കെട്ടടങ്ങും മുമ്പേ, കാഴ്ചപരിമിതിയുള്ളവരുടെ ഈ ലോകകപ്പിലും കിരീടം നേടി ഇന്ത്യൻ വനിതകൾ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത് .
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു (117 റൺസ്). ഇന്ത്യയുടെ വിജയശില്പിയായത് പുറത്താകാതെ 44 റൺസ് നേടിയ ഫൂല സാരൻ ആയിരുന്നു.
സെമിഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. മറുവശത്ത്, പാകിസ്താനെ പരാജയപ്പെടുത്തിയാണ് നേപ്പാൾ കലാശപ്പോരിന് യോഗ്യത നേടിയത്. ആകെ ആറ് ടീമുകളാണ് പ്രഥമ ബ്ലൈൻഡ് വനിതാ ടി20 ലോകകപ്പിൽ പങ്കെടുത്തത്.