-->
അഹമ്മദാബാദ്: ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങളുടെ ആദ്യപടിയായ എഐസിസി സമ്മേളനത്തില്‍ പ്രിയങ്കാഗാന്ധി പങ്കെടുത്തേക്കില്ല. പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ എന്നിവരടക്കമുള്ളവര്‍ സമ്മേളനത്തിനായി അഹമ്മദാബാദില്‍ എത്തി. കേരളത്തിലെയും നേതാക്കള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്.
അര്‍ബുദം ബാധിച്ച ഒരു സുഹൃത്തിനെ കാണുന്നതിനായി വിദേശത്തേക്ക് പോയിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കാഗാന്ധി വിട്ടു നില്‍ക്കുന്നത്. പാറ്റ്‌നയില്‍ നിന്നുമാണ് രാഹുല്‍ഗാന്ധി ഗുജറാത്തിലെത്തിയത്. 64 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ എഐസിസി സമ്മേളനം നടക്കുന്നത്. സബര്‍മതി നദീതീരത്താണ് സമ്മേളനത്തിന്റെ വേദി. സാമ്പത്തികം, സാമൂഹികം, വിദേശകാര്യം എന്നിങ്ങനെ വിവിധ മേഖലകളെ ഉള്‍ക്കൊള്ളിച്ച് ഒറ്റ പ്രമേയമായിരിക്കും അവതരിപ്പിക്കുക. താഴേത്തട്ടില്‍ പാര്‍ട്ടി സജീവമാക്കാനുള്ള നീക്കങ്ങളും പ്രമേയത്തിലുണ്ടാകുമെന്നാണ് സൂചനകള്‍.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഡിസിസികളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ അടങ്ങിയതാണ് പ്രമേയം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ ശുപാര്‍ശ കൂടി പരിഗണിക്കുന്ന നീതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും. ഇക്കാര്യത്തില്‍ പിസിസി അധ്യക്ഷന്മാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലൂം പാര്‍ട്ടിയെ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഡിസിസി അദ്ധ്യക്ഷന്‍മാര്‍ക്ക് പ്രാമുഖം കിട്ടുന്ന സംവിധാനം കൊണ്ടുവരുന്നത്.