Friday, March 13, 2026 Last Updated 37 Min 36 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Friday 04 Apr 2025 10.28 AM

ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കം പ്രതിരോധിക്കും; ആശാ സമരത്തിനു പിന്തുണ നല്‍കാന്‍ എന്‍ഡിഎ

uploads/news/2025/04/773977/BJP-flags.gif

ചേര്‍ത്തല : ആശാപ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാന്‍ എന്‍.ഡി.എ. നേതൃയോഗം തീരുമാനിച്ചു. 53 ദിവസം പിന്നിട്ട സമരത്തിനു പൂര്‍ണ പിന്തുണ നല്‍കാന്‍ ചേര്‍ത്തലയില്‍ ഇന്നലെ ചേര്‍ന്ന എന്‍.ഡി.എ. യോഗം തീരുമാനിച്ചു. യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ആശാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും സ്ത്രീവിരുദ്ധ നിലപാടുകളുമാണ് സമരം പരിഹാരമാകാത്തതിനു പിന്നിലെന്നും കോടികള്‍ പല പേരുകളില്‍ ധൂര്‍ത്തടിക്കുമ്പോഴാണ് ആശമാര്‍ക്കു നേരേ സര്‍ക്കാര്‍ മുഖം തിരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് രാജ്യം വികസന കുതിപ്പില്‍ ലോകശക്തിയായപ്പോള്‍ കേരളത്തില്‍ വികസന മുരടിപ്പാണെന്നും യോഗം വിലയിരുത്തി. ഇക്കാര്യമുയര്‍ത്തി പ്രചാരണം നടത്തും.

പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത കാടന്‍ നയങ്ങളാണ് കേരളത്തെ തകര്‍ക്കുന്നത്. ഇതുമൂലം സംരംഭകര്‍ കേരളത്തില്‍നിന്ന് അകന്നു. ഇതിനു പരിഹാരമായി കേന്ദ്രത്തിനൊപ്പം കേരളവും വികസിക്കേണ്ടതുണ്ടെന്ന മുദ്രാവാക്യമുയര്‍ത്തി പുതിയതലമുറക്ക് ആത്മവിശ്വാസം നല്‍കി രംഗത്തിറങ്ങും. സര്‍ക്കാരിന് ഓശാനപാടി കേന്ദ്രത്തെ എതിര്‍ക്കുന്ന സംസ്ഥാനത്തെ പ്രതിപക്ഷത്തിന് പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ നേരിടാനുള്ള കരുത്തില്ലെന്നും സമ്പൂര്‍ണ പരാജയമാണെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. തീരദേശ ജനതയുടെ ദുരിതമകറ്റാന്‍ കഴിയാത്ത സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോള്‍ കടല്‍മണല്‍ ഖനനം ഉയര്‍ത്തി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍.ഡി.എ രംഗത്തിറങ്ങും. വഖഫ് ഭേദഗതി ബില്ലിലെ നിലപാടില്‍ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ തീരദേശ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നു പ്രമേയത്തില്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ നിസഹായരായവര്‍ക്ക് രക്ഷയൊരുക്കുന്ന ബില്‍ കൊണ്ടു വന്ന കേന്ദ്ര സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. ബില്ല് വായിച്ചു പോലും നോക്കാതെയാണ് മുസ്ലീം വിരുദ്ധമെന്ന പ്രചരണം നടത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് പ്രമേയം. പ്രമേയത്തില്‍ തീരദേശ മത്സ്യതൊഴിലാളി കള്‍ക്കുണ്ടായ നേട്ടങ്ങള്‍ ഉയര്‍ത്തി അവര്‍ക്കിടയിലേക്കിറങ്ങുന്നതിനും യോഗം തീരുമാനിച്ചു.

ഇതിനായി 10ന് മുനമ്പത്ത് പ്രത്യേക സമ്മേളനം നടത്തും. സഖ്യകക്ഷികളുടെ ഐക്യം ശക്തിപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനു യോഗത്തില്‍ സ്വീകരണം നല്‍കി. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, നേതാക്കളായ വി.മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, കെ.പത്മകുമാര്‍, കെ.എ.ഉണ്ണികൃഷ്ണന്‍, സംഗീത വിശ്വനാഥന്‍, നിയാസ് വൈദ്യരാഗം, പിഎച്ച്.രാമചന്ദ്രന്‍, കുരുവിള മാത്യു, വി.വി, രാജേന്ദ്രന്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, പേരൂര്‍ക്കട ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
TRENDING NOW