-->
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എമ്പുരാൻ ആഘോഷിക്കപ്പെടുമ്പോൾ സിനിമാപ്രേമികൾ പോലും സുകുമാരന്റെ അസാന്നിധ്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. മകന്റെ വിജയം കാണാൻ സുകുമാരൻ കൂടി ഈ ലോകത്ത് വേണമായിരുന്നുവെന്നത് പലരും സോഷ്യൽമീഡിയയിൽ കുറിക്കുകയും ചെയ്തു.
സംവിധാന മോഹം ബാക്കി വെച്ചാണ് സുകുമാരൻ അകാലത്തിൽ വിടപറഞ്ഞ് പോയത്. ആ മോഹത്തിന്റെ പൂർത്തികരണമാണ് പൃഥ്വിരാജ് ചെയ്യുന്നത്. ഇപ്പോഴിതാ സുകുമാരന്റെ കുടുംബത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മല്ലിക സുകുമാരനുമായുമെല്ലാം സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നയാളാണ് സിദ്ദു പനയ്ക്കൽ.
‘ഒരു അച്ഛന് എത്രമാത്രം സന്തോഷമുണ്ടാക്കുന്നതായിരിക്കും കേരളത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന ആഹ്ലാദവും, ആവേശവും, ആഘോഷവും ആരവങ്ങളും. എല്ലാം എന്തിനു വേണ്ടിയാണ് ഒരേയൊരു സിനിമയ്ക്ക് വേണ്ടി "എമ്പുരാൻ" ന് വേണ്ടി. വിഗതകുമാരൻ മുതൽ ഇങ്ങോട്ട് ഇന്നുവരെ ഒരു സിനിമയ്ക്കും ഉണ്ടാക്കാനാവാത്ത ആവേശത്തോടെ, കാണണമെന്ന ആഗ്രഹത്തോടെ ജനങ്ങൾ കാത്തിരിക്കുന്ന ഒരേ ഒരു സിനിമ "എമ്പുരാൻ"
തനിക്ക് ചെയ്യാൻ കഴിയാതെ പോയ, അല്ലെങ്കിൽ ദൈവം അനുവദിക്കാതെ പോയ സംവിധാനം എന്ന സ്വപ്നം മകൻ പൂർത്തീകരിച്ചു 6 വർഷം കഴിയുമ്പോൾ തന്റെ കൈകളിൽ ഇരിക്കുന്ന ഈ കൊച്ചുമകൻ ഇന്ന് സിനിമാ ലോകത്തിന്റെ കൈകളിൽ അല്ലെങ്കിൽ നിറുകയിൽ എത്തിനിൽക്കുന്നു എന്നത് ഈ അച്ഛനോളം സന്തോഷത്തോടെ ആർക്കും കാണാനാവില്ല. ആ അച്ഛൻ അത് കാണുന്നുണ്ട് ഉറപ്പ്.
സൈബർ ആക്രമണം എന്ന വെയിലത്ത് രാജുവിനെ വാട്ടാൻ ഒരുകാലത്ത് പലരും കിണഞ്ഞു പരിശ്രമിച്ചതാണ്. അങ്ങിനെ വാടുന്ന ആളല്ല രാജു. സുകുമാരൻ എന്ന തീയിൽ കുരുത്ത രാജു സൈബർ ആക്രമണം എന്ന വെയിലത്ത് വാടില്ല.
അച്ഛനാണെന്നെ സത്യം പറയാൻ പഠിപ്പിച്ചത്, അച്ഛനാണെന്നെ സാഹിത്യത്തിലേക്കു കൊണ്ടുവന്നത്, അച്ഛനാണെനിക്ക് ലിറ്ററേചർ എന്താണെന്ന് പഠിപ്പിച്ചുതന്നത്, അച്ഛനാണെന്നെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ടുവന്നത്, എന്നെ സംസാരിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്, ഭാഷ എങ്ങിനെ പ്രയോഗിക്കണം എന്ന് പഠിപ്പിച്ചതും അച്ഛനാണ് എന്ന് രാജു വർഷങ്ങൾ ക്ക് മുൻപ് പറഞ്ഞിട്ടുണ്ട്.
ഇത് മാത്രമല്ല, ഈ മകൻ സിനിമകണ്ട് തുടങ്ങിയത് അച്ഛനിലൂടെയാണ് , അച്ഛന്റെ കണ്ണുകളിലൂടെയാണ്. ഇന്ന് ലോകത്തോളം വളർന്നു നിൽക്കുന്ന മകനെ ആ അച്ഛൻ കാണുന്നതും കണ്ണിലൂടെ തന്നെ ദൈവത്തിന്റെ കണ്ണിലൂടെ. എമ്പുരാന്റെ കൈകളിൽ സയിദ് മസൂദും തൊട്ടരികിൽ ഗോവർദ്ധനും, അച്ഛനെക്കാൾ വളർന്ന മക്കൾ. ആ വളർച്ച സന്തോഷത്തോടെ കാണുന്ന അമ്മ. ആ അമ്മയോട് അച്ഛൻ പറയുന്നുണ്ടാവണം കണ്ടോ എന്റെ മക്കൾ... നമ്മുടെ മക്കൾ. ആ അമ്മ, മല്ലികചേച്ചി അത് കേൾക്കുന്നുമുണ്ടാകും’ സിദ്ധു പനക്കല്‍ കുറിച്ചു.