-->
ചെറുതോണി: സൈനികനായ മകന്റെ പരാതിയില്‍ മാതാവിനെ തട്ടിപ്പ് കേസില്‍ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചന്‍കാനം പഴയചിറയില്‍ ബിന്‍സി ജോസാണ് (53) അറസ്റ്റിലായത്. ഇവരെ ഒളിവില്‍ താമസിക്കുവാന്‍ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയും (49) അറസ്റ്റിലായി. സ്വര്‍ണം മോഷ്ടിച്ചതും നാട്ടില്‍ നടത്തിയ മറ്റ് സാമ്പത്തിക തട്ടിപ്പും ചൂണ്ടിക്കാണിച്ച് മകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
തട്ടിയെടുത്ത പണം ആഭിചാരക്രിയകള്‍ക്ക് ഉപയോഗിച്ചതായി സംശയിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പും ബിന്‍സി സമാന രീതിയില്‍ തട്ടിപ്പ് നടത്തി ഒളിവില്‍ പോയിരുന്നു. സൈനികനായ മകന്‍ അഭിജിത്തിന്റെ പരാതിയിലാണ് മോഷണത്തിനും സാമ്പത്തിക തട്ടിപ്പിനും ബിന്‍സി അറസ്റ്റിലായത്. മകള്‍ മീരയുടെ പത്ത് പവനും മകന്റെ ഭാര്യ സന്ധ്യയുടെ 14 പവന്‍ സ്വര്‍ണവും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി ബിന്‍സി ലക്ഷങ്ങള്‍ തട്ടിയെടുത്തു. കൂടാതെ തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയം സഹായ സംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പലരുടെ പേരില്‍ ലക്ഷങ്ങള്‍ വായ്പയായി കൈക്കലാക്കുകയും ചെയ്തു.
തട്ടിയെടുത്ത പണം എന്തു ചെയ്‌തെന്നറിയുവാന്‍ മക്കളും ഭര്‍ത്താവ് ജോസും പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും സ്വര്‍ണം എടുത്തത് സമ്മതിക്കുകയോ മറ്റു രീതിയില്‍ കൈപ്പറ്റിയ പണം എങ്ങനെ ചെലവഴിച്ചെന്നു പറയുവാനും തയാറായില്ല. നാട്ടില്‍ നിന്നും തട്ടിയെടുത്ത പണം തിരികെ ചോദിച്ച് ആളുകള്‍ വീട്ടില്‍ വന്നതോടെ ഭര്‍ത്താവും ബിന്‍സിയോടുള്ള നിലപാട് കടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ബിന്‍സി തങ്കമണിയില്‍ നിന്നും ഉപ്പുതറയിലുള്ള മാതാവിന്റെ അടുത്തേക്ക് മാറുകയും ചെയ്തു. ഇവിടെ അന്വേഷിച്ചെത്തിയ ഭര്‍ത്താവും ബിന്‍സിയുടെ മാതാവും വാക്ക് തര്‍ക്കമുണ്ടായി.
ബിന്‍സിയുടെ മാതാവിന് വെട്ടേറ്റ സംഭവവും മുന്‍പ് ഉണ്ടായിട്ടുണ്ട്. പരാതി നല്‍കിയവരില്‍ നിന്നും ലഭ്യമായ കണക്കനുസരിച്ച് 40 ലക്ഷം രൂപയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. എന്നാല്‍ പരാതി നല്‍കാത്തവരുടെ കണക്ക് ലഭ്യമായിട്ടില്ല. മകന്റെ ഭാര്യയെ ചായയില്‍ ഗുളിക കലക്കി കൊടുത്തു കൊലപ്പെടുത്തുവാനും ബിന്‍സി ശ്രമിച്ചിരുന്നു. ഇതിന് ബിന്‍സിയെ സഹായിച്ചത് സുഹൃത്തായിരുന്നു. മൊബൈല്‍ ചാറ്റിങ്ങില്‍ സുഹൃത്ത് ബിന്‍സിയോട് നിര്‍ദ്ദേശിക്കുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും ലഭ്യമായിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും വിവിധ മത ചിഹ്നഹ്‌നങ്ങളടങ്ങിയ തകിടും കുടോത്രത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പോലീസ് കണ്ടെടുത്തു.
ഒളിവില്‍ പോയ ബിന്‍സി മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പില്‍ അംബികയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇന്നലെ വണ്ടിപ്പെരിയാറിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിയതായി രഹസ്യ വിവരം ലഭിച്ച തങ്കമണി പോലീസ് ഇന്‍സ്‌പെക്ടര്‍ എബിയും സംഘവും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിന്‍ കുറ്റം സമ്മതിച്ചെങ്കിലും പണം എങ്ങനെ ചിലവഴിച്ചെന്ന് പൂര്‍ണമായും സമ്മതിച്ചിട്ടില്ല. എസ്.സി.പി.ഒ. സുനില്‍കുമാര്‍, സി.പി.ഒ പി പ്രിനീത, ജിതിന്‍ അബ്രാഹം തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.