-->
ബംഗലുരു: വമ്പന്‍ മോഷണം നടത്തി സ്വര്‍ണ്ണവും പണവുമായി പോകുന്നതിനിടയില്‍ കള്ളനെ നാലംഗസംഘം വാഹനത്തിലെത്തി കൊള്ളയടിച്ചു. മോഷണമുതല്‍ വില്‍ക്കാനായി കടയില്‍ ചെന്നപ്പോള്‍ കള്ളനെ പൊക്കിയ പോലീസ് നാലംഗ കൊള്ളസംഘത്തെയും പൊക്കി. ബംഗലുരുവിലായിരുന്നു അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഈ സംഭവം അരങ്ങേറിയത്.
ബംഗലുരുവില്‍ തുടര്‍ച്ചയായി മൂന്നു വീടുകളില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് 90 ഗ്രാം സ്വര്‍ണവും 1.75 ലക്ഷം രൂപയും ആയിരുന്നു. എന്നാല്‍ മോഷണ മുതലുമായി പോകുമ്പോള്‍ കള്ളന് പിന്നാലെ വാഹനത്തില്‍ വന്ന സംഘം മോഷണം നടന്ന് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കള്ളനെ മര്‍ദ്ദിച്ച് ഇതെല്ലാം കൈക്കലാക്കി. മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു.
ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം. ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് മോഷണ മുതലില്‍ പെടുന്ന ഒരു സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണമാല മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയും നടന്ന സംഭവങ്ങള്‍ പൊലീസിനോട് പറയുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലംഗ സംഘത്തെ പിടികൂടി. ഇവരില്‍ നിന്ന് 447 ഗ്രാം സ്വര്‍ണവും 28,000 രൂപയും ഇരുചക്ര വാഹനവും കണ്ടെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ മൂല്യം ആകെ 70 ലക്ഷം രൂപ വരുമെന്നാണ് പൊലീസ് പറയുന്നത്. ശ്മശാനത്തിന് സമീപം കവര്‍ച്ച നടത്തിയ മോഷ്ടാവുമായി സംഘത്തിന് ബന്ധമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.