Friday, March 13, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 02.31 PM

ലഹരിയില്‍ യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം ; കാറിന്റെ ബോണറ്റില്‍ സാഹസികമായി പിടിച്ചുകിടന്ന 20 കാരന്‍ രക്ഷപ്പെട്ടു

uploads/news/2025/03/771303/drugs-1.jpg

കൊച്ചി: മദ്യലഹരിയില്‍ യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം. കാറിന്റെ ബോണറ്റില്‍ സാഹസികമായി പിടിച്ചുകിടന്നതിനാല്‍ ഇരുപതുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ 500 മീറ്ററോളം യുവാവിനെയും കൊണ്ട് അതിവേഗം മുന്നോട്ടുപോയി. ബ്രേക്കിട്ടതോടെ യുവാവ് റോഡരികിലേക്കു തെറിച്ചുവീണു. കഴിഞ്ഞ ദിവസം രാത്രി കലൂര്‍ എസ്.ആര്‍.എം. റോഡിലാണു സംഭവം. കലൂര്‍ സ്വദേശിയായ അഷ്വാദിനാണ് പരുക്കേറ്റത്.

ഇടതു തോളിനും വലതു കാലിലെ വിരലിനുമാണു പരുക്ക്. അഷ്വാദ് പോലീസിനു മൊഴിനല്‍കി. സംഭവത്തില്‍ അടൂര്‍ സ്വദേശി അഭിജിത്ത് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായി. കാറിലുണ്ടായ ഇയാളുടെ സുഹൃത്തുക്കളായ സനീഷ്, അമര്‍നാഥ് എന്നിവര്‍ക്കായി ടൗണ്‍ നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. കൊച്ചിയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് രക്ഷപ്പെട്ട പ്രതികള്‍.

കൊച്ചിയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജോലി ചെയ്യുന്ന വിവിധ ജില്ലകളില്‍നിന്നുള്ള യുവാക്കള്‍ എസ്.ആര്‍.എം. റോഡ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്നുണ്ട്. ഇവരെ കാണാനാണ് അഭിജിത്തും അമര്‍നാഥും സനീഷും കഴിഞ്ഞ ദിവസം രാത്രി കാറുമായി കലൂരിലെത്തിയത്. മൂവരും മദ്യലഹരിയായിരുന്നു. മദ്യലഹരിയില്‍ വാടകവീട്ടിലേക്കു വരരുതെന്നു പറഞ്ഞതു വകവയ്ക്കാതെയെത്തിയത് യുവാക്കളെ ചൊടിപ്പിച്ചു.

ഇതിനെച്ചൊല്ലി വാക്കുതര്‍ക്കവും അടിപിടിയുമായി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും ഇരുസംഘത്തെയും കൈകാര്യം ചെയ്യുകയും ചെയ്തു. ഇതിനിടെ സനീഷും അമര്‍നാഥും കാറില്‍ കയറി രക്ഷപ്പെട്ടു. ഈ സമയം അഷ്വാദ് കാറിനു മുന്നില്‍പ്പെടുകയായിരുന്നു. ബോണറ്റിനു മുന്നിലേക്കു വീണ അഷ്വാദുമായി 500 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി.

അക്രമിസംഘം കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ഇവരുടെ വാഹനത്തില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. എസ്.ആര്‍.എം. റോഡിലും പരിസരങ്ങളിലും ലഹരിമാഫിയയുടെയും സാമൂികവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW