-->
ബെംഗളൂരുവില്‍ ഇരട്ടക്കൊലപാതകം. വിഗ്നാൻ നഗറിൽ റിട്ടയേർഡ് നേവൽ ഉദ്യോഗസ്ഥനെയും ഭാര്യയെയുമാണ് ആവശ്യപ്പെട്ട പണം നൽകാത്തതിന് മകൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ മകൻ രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യൻ നേവിയിൽ നിന്ന് ക്യാപ്റ്റൻ റാങ്കിൽ വിരമിച്ച നവീൻ ചന്ദ്ര ഭട്ടും ഭാര്യയും ഡെന്റൽ ഡോക്ടറുമായ ശ്യാമള ഭട്ടുമാണ് സ്വന്തം വീട്ടിനകത്ത് കൊല്ലപ്പെട്ടത്. മകൻ രോഹൻ ചന്ദ്ര ഭട്ടാണ് ഇരുവരെയും കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വീട്ടിലെ ജോലിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബൗറിംഗ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും പോസ്റ്റ്മോർട്ടവും സംസ്കാരവും. സംഭവത്തിൽ അയൽവാസിയും മണിപ്പാൽ ആശുപത്രിയിലെ ഡോക്ടറുമായ മാധവി നായർ നൽകിയ പരാതിയിൽ രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.