-->
ഇറ്റലിയില്‍ അച്ഛന്‍ സൈക്കിളോടിക്കാന്‍ പരിശീലിപ്പിക്കവേ മകന്റെ സൈക്കിളിടിച്ച് വൃദ്ധ മരിച്ചു. സംഭവത്തില്‍ അച്ഛനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇറ്റലിയിലെ മിലാനിലെ ഒരു പാര്‍ക്കിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു പബ്ലിക് പാര്‍ക്കില്‍ വച്ച് മകനെ സൈക്കിളോടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു അച്ഛന്‍. ആ സമയത്ത് കുട്ടിക്ക് തനിച്ച് സൈക്കിള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. അത് പാര്‍ക്കിലൂടെ നിയന്ത്രണമില്ലാതെ പോയിക്കൊണ്ടിരിക്കെ, 74 വയസ്സുള്ള തന്റെ സുഹൃത്തിനൊപ്പം സമീപത്ത് നില്‍ക്കുകയായിരുന്ന 87 വയസ്സുള്ള ഒരു സ്ത്രീയെ ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ സ്ത്രീ നിലത്തുവീണു. വീഴ്ചയില്‍ അവരുടെ തലയ്ക്കാണ് പരിക്കേറ്റത്.
അവര്‍ക്ക് വലിയ കുഴപ്പമൊന്നും ഇല്ല എന്നാണ് ചുറ്റുമുള്ളവരെല്ലാം കരുതിയതെങ്കിലും സ്ഥിതി പെട്ടെന്ന് വഷളാവുകയായിരുന്നു. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ ANSA പറയുന്നത് പ്രകാരം കുട്ടിയുടെ അച്ഛന്‍ ഉടന്‍ തന്നെ ഒരു ആംബുലന്‍സ് വിളിച്ചു. ഉടനെ തന്നെ മെഡിക്കല്‍ സംഘം വേണ്ട പരിശോധനങ്ങള്‍ നടത്തുകയും ശുശ്രൂഷ നല്‍കുകയും ചെയ്തു. എന്നാല്‍, ഇവരുടെ അവസ്ഥ വളരെ പെട്ടെന്ന് തന്നെ വഷളായി വരികയായിരുന്നു. താമസിയാതെ അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
പിന്നാലെ കുട്ടിയുടെ അച്ഛനെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. സൈക്കിളില്‍ സ്റ്റെബിലൈസര്‍ ഇല്ലായിരുന്നു എന്നും അതുണ്ടായിരുന്നു എങ്കില്‍ അത് അപകടം തടയാമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. വേണ്ട മുന്‍കരുതലുകളെടുക്കാതെയാണ് കുട്ടിയെ സൈക്കിളോടിക്കാന്‍ പരിശീലിപ്പിച്ചത് , ഇത് അശ്രദ്ധയാണ് എന്നും അത് അപകടം നടക്കാന്‍ അനുവദിക്കുന്നതിന് തുല്യമാണ് എന്നും നിയമ വിദഗ്ധര്‍ വാദിക്കുകയായിരുന്നു. ഈ കേസ് പിന്നീട് ഇറ്റലിയില്‍ വലിയ ചര്‍ച്ചയായി മാറി. പക്ഷേ, ഒടുവില്‍ പിതാവിന്റെ കാര്യത്തില്‍, ഇത് ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും മറിച്ച് ഒരു നിര്‍ഭാഗ്യകരമായ അപകടമാണെന്നും കോടതി വിധിച്ചു.