-->
പീരുമേട്: വണ്ടിപ്പെരിയറിന് സമീപം കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ - സത്രം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്നത് പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം. ഇതിനെ മയക്കുവെടി വെയ്്ക്കാനാണ് തീരുമാനം.
കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടുവ അരണക്കല്ലില്‍ ലയത്തിന് സമീപമാണ് വെന്നിനറി ഡോക്ടര്‍ അനുരാജും സംഘവും കടുവയെ ലക്ഷ്യം വെച്ച് നീങ്ങുകയാണ്. പ്രദേശത്ത് ഡ്രോണ്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അരണക്കല്ലില്‍ തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടുവ കൊന്നു. പ്രദേശവാസികളായ നാരായണന്‍, ബാല മുരുകന്‍ എന്നിവരുടെ വളര്‍ത്തു മൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. ഞായറാഴ്ച മയക്കുവെടിവച്ച് കടുവയെ പിടികൂടുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ കടുവയെ വൈകിട്ട് 4.30 വരെയുള്ള തെരച്ചലില്‍ കണ്ടെത്താനായില്ല.
സ്‌നിഫര്‍ ഡോഗിനെയും ഇന്നലത്തെ തിരച്ചലില്‍ ഉപയോഗിച്ചിരുന്നു. മൂടല്‍മഞ്ഞും ചാറ്റല്‍മഴയും തെരച്ചിലിന് പ്രതികൂലമായി. കടുവയ്ക്ക് മുറിവേറ്റിട്ടുള്ളതിനാല്‍ 10 മീറ്ററില്‍ കൂടുതല്‍ കടുവ സഞ്ചരിക്കാനാവില്ലന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ രണ്ട് കിലോമീറ്റര്‍ ദൂരം ഡ്രോണ്‍, സ്‌നിഫര്‍ ഡോഗ് എന്നിവയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പെരിയാര്‍ കടുവ സങ്കേതത്തിനടുത്താണ് ഗ്രാമ്പിപ്രദേശം.
കടുവ കാട്ടിലേക്ക് കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. എന്നാല്‍ രണ്ട് കൂടുകൂടി പ്രദേശത്ത് സ്ഥാപിക്കുമെന്ന് കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് പറഞ്ഞു. എന്നാല്‍ വനംവകുപ്പിന്റെ അനാസ്ഥ മൂലമാണ് കടുവയെ പിടിക്കാന്‍ സാധിക്കാഞ്ഞത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ശനിയാഴ്ച മയക്കുവെടിവെക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടും എട്ടുമണിവരെ കടുവ പ്രദേശത്ത് ഉണ്ടായിട്ടും പിടികൂടാന്‍ വനംവകുപ്പ് നിസംഗത കാട്ടിയെന്നാണ് ആരോപണം. ഇടുക്കി സര്‍ക്കിള്‍ സി.സി.എഫ്. ആര്‍.എസ് അരുണ്‍, ഡി.എഫ്.ഒ എന്‍. രാജേഷ്, വനം വകുപ്പിന്റെ ഡോക്ടര്‍മാരായ അനുരാജ്, അനുമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടികൂടാനുള്ള സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിക്കുന്നത്.