-->
ന്യൂഡല്‍ഹി : ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ത്യൻ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേലിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്ത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിലേക്ക് പോയതോടെയാണ് ഈ സീസണില്‍ ഡല്‍ഹിക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവന്നത്.
2019 ൽ ക്യാപിറ്റൽസിൽ ചേർന്ന അക്‌സർ അതിനുശേഷം ആറ് സീസണുകളിലായി ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരിൽ ഒരാളായി ഉയർന്നുവന്നു. “ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ ബഹുമതി തോന്നുന്നു, എന്നിൽ വിശ്വാസം അർപ്പിച്ചതിന് ഞങ്ങളുടെ ഉടമകളോടും സപ്പോർട്ട് സ്റ്റാഫിനോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്” എന്ന് ക്യാപ്റ്റനായി നിയമിതനായപ്പോൾ അക്‌സർ പറഞ്ഞു.
“ഡൽഹി ക്യാപിറ്റൽസിൽ ഞാൻ കളിക്കുന്ന സമയത്ത് ഒരു ക്രിക്കറ്റ് കളിക്കാരനായും മനുഷ്യനായും വളർന്നു, ഈ ടീമിനെ മുന്നോട്ട് നയിക്കാൻ തയ്യാറാണെന്നും ആത്മവിശ്വാസമുണ്ടെന്നും തോന്നുന്നു. വലിയ സാധ്യതകളുള്ള സന്തുലിതവും ശക്തവുമായ ഒരു ടീമിനെ ഒരുമിച്ചുകൂട്ടി ഞങ്ങളുടെ പരിശീലകരും സ്കൗട്ടുകളും മെഗാ ലേലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഗ്രൂപ്പിൽ ഞങ്ങൾക്ക് ധാരാളം നേതാക്കളുണ്ട്, അത് എനിക്ക് വളരെ സഹായകരമാണ്.” അദ്ദേഹം പറഞ്ഞു. എന്തായാലും കന്നി കിരീടം ടീമിന് നേടി കൊടുക്കാനുള്ള ഒരുക്കത്തിലാണ് അക്സറും സംഘവും.
പഞ്ചാബ് കിംഗ്സിന്‍റെയും ലഖ്നൗ സൂപ്പര്‍ കിംഗ്സിന്‍റെയും നായകനായിരുന്ന കെ എല്‍ രാഹുലിനെ ഡല്‍ഹി ടീമിലെത്തിച്ചത് ക്യാപ്റ്റനാക്കാനായിരുന്നെങ്കിലും രാഹുല്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് അക്സറിനെ ക്യാപ്റ്റനാക്കാന്‍ ഡല്‍ഹി ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. ഭാര്യ അതിയ ഷെട്ടിയുടെ പ്രസവുമായി ബന്ധപ്പെട്ട് രാഹുല്‍ ഐപിഎല്ലിലെ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നേക്കുമെന്നും സൂചനകളുണ്ട്.