-->
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന നിര്‍ണായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ്. ജയിച്ചാല്‍ മുംബൈ പ്ലേ ഓഫിലെത്തുമെങ്കില്‍ തോറ്റാല്‍ പ്ലേ ഓഫ് ഉറപ്പാക്കാൻ ഇരു ടീമുകള്‍ക്കും പഞ്ചാബ് കിംഗ്സിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും. മത്സരത്തിന് മഴ ഭീഷണിയുണ്ടെന്നത് ഇരു ടീമുകളുടെയും ചങ്കിടിപ്പ് കൂട്ടുന്നു.
ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ഇരു ടീമുകളും പോയന്‍റ് പങ്കിടുകയും ചെയ്താല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് അറിയാന്‍ ആരാധകര്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും. നിലവില്‍ ഡല്‍ഹിക്ക് 13ഉം മുംബൈക്ക് 14ഉം പോയന്‍റാണുള്ളത്. മഴ മൂലം മത്സരം ഉപേക്ഷിച്ച് പോയന്‍റ് പങ്കിട്ടാല്‍ ഡല്‍ഹിക്ക് 14ഉം മുംബൈക്ക് 15ഉം പോയന്‍റാവും. അവസാന മത്സരത്തില്‍ ഡല്‍ഹി പഞ്ചാബിനെ തോല്‍പിച്ചാല്‍ ഡല്‍ഹിക്ക് പരമാവധി 16 പോയന്‍റ് സ്വന്തമാക്കാനാവും.
എന്നാല്‍ ഇന്ന് മുംബൈ ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫിലെത്താതെ പുറത്താകും. 12 കളിയില്‍ 14 പോയിന്റുളള മുംബൈ ഇന്ത്യന്‍സിന് ഇന്നത്തേത് ഉള്‍പ്പടെ രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. രണ്ടും ജയിച്ചാല്‍ മുംബൈയ്ക്ക് 18 പോയിന്റാവും. 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കുക മാത്രമല്ല, മുംബൈ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം.
മുംബൈ തോറ്റാല്‍ പഞ്ചാബ് കിങ്സിനെതിരായ അവസാന മത്സരം ഡല്‍ഹിയ്ക്ക് ജീവന്‍മരണ പോരാട്ടമാകും. അല്ലെങ്കില്‍ ലഖ്‌നൗവിന്റെയും മുംബൈയുടെയും അവസാന മത്സര ഫലങ്ങളെ ഡല്‍ഹിയ്ക്ക് ആശ്രയിക്കേണ്ടിവരും.