-->
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് നടൻ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും. യാത്രകൾ ഏറെയിഷ്ടപ്പെടുന്നവരാണ് ജിപി- ഗോപിക ദമ്പതികൾ. യാത്രകളും കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളുമായി ജീവിതം ആഘോഷമാക്കാൻ ഏറെയിഷ്ടമാണ് ഇരുവർക്കും.
ഉഷുവയ, അർജന്റീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യുകയാണ് ജിപിയും ഗോപികയും ഇപ്പോൾ. ലോകത്തിലെ അവസാന നഗരമെന്നാണ് അറിയപ്പെടുന്ന ഉഷുവയയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. അർജന്റീന പ്രവിശ്യയായ ടിയറ ഡെൽ ഫ്യൂഗോയുടെ തലസ്ഥാനമാണ് ഉഷുവയ. സമുദ്ര നിരപ്പിൽ നിന്നും വെറും ആറു മീറ്റർ ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അഞ്ച് അന്റാർട്ടിക്കൻ ഗേറ്റ് വേ നഗരങ്ങളിൽ ഒന്നാണ് ഇവിടം. ഉഷുവയയിൽ നിന്നും തെക്കെ ദിശയിലൂടെ 48 കിലോമീറ്റർ സഞ്ചരിച്ചാൽ അന്റാർട്ടിക്കയിൽ എത്തിച്ചേരുവാൻ സാധിക്കും. പെൻഗ്വിൻ ദ്വീപും അന്റാർട്ടിക്കയുമെല്ലാം എക്സ്പ്ലോർ ചെയ്യുകയാണ് ദമ്പതികൾ ഇപ്പോൾ.
ഒരു മഞ്ഞുമലയ്ക്കുള്ളിലെ ഹൃദയത്തോടെയാണ് അന്റാര്‍ട്ടിക്ക ഞങ്ങളെ സ്വീകരിച്ചതെന്നാണ് ഒരു കുറിപ്പിൽ ജിപി പറയുന്നത്. പെൻഗ്വിനുകൾക്കൊപ്പം നടക്കുന്ന രസകരമായൊരു വീഡിയോയും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. കീ എന്ന ചിത്രത്തിലൂടെ തമിഴിലും 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ജിപി ഏറെ ശ്രദ്ധേയനാണ്.
ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. മയിലാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി തിളങ്ങിയ ഗോപികയുടെ രണ്ടാം വരവ് മിനിസ്ക്രീനിലൂടെയായിരുന്നു. കബനി എന്ന സീരിയലിൽ ആയിരുന്നു തുടക്കം. പിന്നീടാണ് സാന്ത്വനത്തിലേക്ക് എത്തിയത്. ആയുർവേദ ഡോക്ടറാണ് ഗോപിക.