-->
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിയാകുന്നു എന്ന സൂചനകള്‍ നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് തനിക്ക് ഉറപ്പുനല്‍കിയതായും, ഒരു സമാധാന കരാറിലെത്താന്‍ ഇറാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇറാനിലെ പുതിയ നേതൃത്വവുമായി ഉടന്‍ തന്നെ കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ പ്രതിനിധികളെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'താന്‍ ആരെയും അന്ധമായി വിശ്വസിക്കാറില്ലെന്നും എന്നാല്‍ ഇപ്പോള്‍ ശരിയായ ആളുകളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്' എന്നുമായിരുന്നു ട്രംപിന്റെ മറുപടി. ഇറാനില്‍ നിന്ന് എണ്ണ-പ്രകൃതിവാതക മേഖലയുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വാഗ്ദാനം (സമ്മാനം) തനിക്ക് ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്കിടയിലും ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത മുന്നറിയിപ്പുകളും വരുന്നുണ്ട്. 'ഇനി കണ്ണിന് പകരം കണ്ണ് എന്ന രീതിയിലാവില്ല പ്രതികാരം, മറിച്ച് കണ്ണിന് പകരം തല എന്ന രീതിയിലായിരിക്കും' എന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ മുന്‍ തലവന്‍ മുഹ്‌സിന്‍ റസാ പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക 15 വ്യവസ്ഥകളാണ് മുമ്പോട്ട് വെച്ചിരിക്കുന്നത്.
ഇറാന്റെ പക്കലുള്ള എല്ലാ ആണവ സാമഗ്രികളും നശിപ്പിക്കണം. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും നിലവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റുകയും വേണം. ബാലിസ്റ്റിക് മിസൈലുകളുടെ വികസനത്തിനും പരീക്ഷണങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിനെ ഒരു 'സ്വതന്ത്ര സമുദ്ര മേഖലയായി' പ്രഖ്യാപിക്കണം. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സായുധ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സാമ്പത്തിക-സൈനിക സഹായങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കണം. കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഒരു മാസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കും.