-->
കൊച്ചി: വടുതലയില്‍ ഒരു വീട്ടില്‍ മൂന്ന് കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മരണമടഞ്ഞ നിലയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളാണെന്നാണ് ഇവരെന്നും കൊച്ചിയില്‍ ചികിത്സയ്ക്ക് എത്തിയതാണെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. തിരുവനന്തപുരം കാരോട് സ്വദേശികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 14 വയസ്സുള്ള ഒരു മൂത്ത കുട്ടിക്കൊപ്പം തീരെ കുഞ്ഞുങ്ങളാണ് മരണമടഞ്ഞ മറ്റു പേരും.
കനകലത, മകള്‍ അശ്വതി എന്നിവരാണ് മരണമടഞ്ഞ മുതിര്‍ന്ന സ്ത്രീകള്‍. ഇവര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടികള്‍ വിഷം കഴിച്ചത് പോലെയും. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്ന സംശയത്തിലാണ്് പോലീസ്. രണ്ടുകുട്ടികളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലും മറ്റൊരു കുട്ടിയെ മാറിയുമാണ് കണ്ടെത്തിയത്. ഏതാനും മാസമായി ഇവര്‍ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.തുറക്കാത്ത നിലയില്‍ കണ്ടെത്തിയ വീട് പിന്നീട് തുറന്ന നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി വിവരമുണ്ട്. അശ്വതിയുടെ കുട്ടികളാണ് മരിച്ചത്. മരണകാരണം എന്താണെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. തിരുവനന്തപുരത്തെ വീട് വാടകയ്ക്ക് നലകിയ ശേഷം രണ്ടുമാസം മുമ്പാണ് ഇവര്‍ ഇവിടേയ്ക്ക് വന്നത്. പരിസരവാസികളുമായി അധികം പരിചയത്തിലൊന്നും ആയിരുന്നില്ല. പോലീസ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, കടുത്ത മാനസീക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ മനശ്ശാസ്ത്ര വിദഗ്ദ്ധരെ സമീപിക്കുക)