-->
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു കഫേയില്‍ വില്‍ക്കുന്ന വിചിത്രമായ 'മുട്ട കാപ്പി'യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമാകുന്നത്. ആണ്‍കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്ട ചേര്‍ത്താണ് ഈ പ്രത്യേക കോഫി തയ്യാറാക്കുന്നത്. 'വിര്‍ജിന്‍ ബോയ് എഗ്ഗ് കോഫി' എന്ന് അറിയപ്പെടുന്ന ഇതിന് ഒരു കപ്പിന് ഏകദേശം 330 രൂപയാണ് വില. വിവാദങ്ങള്‍ക്കിടയിലും ഈ വിചിത്ര പാനീയത്തിന് വലിയ രീതിയിലുള്ള ആവശ്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
10 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തില്‍ ആദ്യം മുട്ടകള്‍ കുതിര്‍ത്തു വെക്കുന്നു. പിന്നീട് ഇതെടുത്ത് പുഴുങ്ങിയ ശേഷം, മുട്ടത്തോട് പൊട്ടിച്ച് മണിക്കൂറുകളോളം ഇതേ ദ്രാവകത്തില്‍ വീണ്ടും വേവിച്ചെടുക്കുന്നു. അമേരിക്കാനോ കോഫിക്കയില്‍ ഈ മുട്ടകള്‍ ഒന്നുകൂടി റോസ്റ്റ് ചെയ്ത് വെച്ചാണ് ആളുകള്‍ക്ക് കഴിക്കാനായി വിളമ്പുന്നത്. ചൈനയിലെ ഡോങ്‌യാങ്ങില്‍ ഇതൊരു പരമ്പരാഗത ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഈ മുട്ടകള്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുമെന്നും വെയില്‍ മൂലമുള്ള അസ്വസ്ഥതകള്‍ തടയുമെന്നുമാണ് പ്രാദേശിക വിശ്വാസം. പ്രാദേശിക ഭരണകൂടം ഇതിനെ ഒരു സാംസ്‌കാരിക പൈതൃകമായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഈ രീതിക്കെതിരെ ആരോഗ്യ വിദഗ്ധര്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ജിന്‍ഹുവ മുനിസിപ്പല്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഹുവാങ് ജിയാന്‍ പറയുന്നതനുസരിച്ച്, മൂത്രം എന്നത് ശരീരത്തിലെ മാലിന്യമാണെന്നും അത് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഒട്ടും ശുചിത്വമില്ലാത്ത കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം ശക്തമായതോടെ കഫേ ഈ വിഭവം മെനുവില്‍ നിന്ന് പിന്‍വലിച്ചു. എങ്കിലും പാരമ്പര്യത്തെ അനുകൂലിക്കുന്നവരും ശുചിത്വത്തെ ചൊല്ലി വിമര്‍ശിക്കുന്നവരും തമ്മില്‍ വലിയ തര്‍ക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.